kottayam-
കെ.എം.മാണിയുടെ പാലായിലെ വസതിയിലെത്തിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.ജോസ്.കെ.മാണി എം.പി സമീപം

കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസ് എത്ര വോട്ട് പിടിക്കുമെന്നതായിരുന്നു മുന്നണികളുടെ ജയപരാജയ നിർണയഘടകം. കെ.എം.മാണിയുടെ മരണം സഹതാപത രംഗമാകുമോ എന്നതാണ് പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോഴത്തെ ചോദ്യം.

15 ലക്ഷത്തോളം വോട്ടർമാരുണ്ട്, കോട്ടയത്ത്. പുതിയ വോട്ടർമാർ ഒന്നേമുക്കാൽ ലക്ഷത്തിനു മീതെ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നേകാൽ ലക്ഷത്തോളമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ ഭൂരിപക്ഷം.

ഒരുവർഷം മുമ്പ് ജോസ് കെ മാണി രാജ്യസഭയിലേക്കു ചേക്കേറിയതിനാൽ വികസനം തടസപ്പെട്ടെന്നായിരുന്നു എൽ.ഡി.എഫ് ഉയർത്തിയ പ്രധാന പ്രചാരണം. രാജ്യസഭാംഗമെന്ന നിലയിൽ ലഭിച്ച എം.പി ഫണ്ട് കോട്ടയത്തെ വികസനത്തിന് ഉപയോഗിച്ചെന്നു പറഞ്ഞ് യു.ഡി.എഫ് ഇതിനെ പ്രതിരോധിക്കുന്നു. പി.ജെ.ജോസഫിനെ വെട്ടി മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടൻ പ്രചാരണരംഗത്തു സജീവമാകാൻ അല്‌പം വൈകിപ്പോയിരുന്നു. ഇടതു സ്ഥാനാർത്ഥിയായി വി.എൻ. വാസവന്റെ പേര് നേരത്തേ പ്രഖ്യാപിച്ചതിനാൽ അവർ പ്രചാരണത്തിൽ ഏറെ മുന്നിലെത്തുകയും ചെയ്‌തു.

മൂവാറ്റുപുഴ എം.പി ആയിരുന്ന പി.സി.തോമസ് എൻ.ഡി.എ സ്ഥാനാർത്ഥിയായതോടെ പഴയ മൂവാറ്റുപുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന പിറവം, പാലാ എന്നിവിടങ്ങളിലും മറ്റ് കേരളാകോൺഗ്രസ് പോക്കറ്റുകളിലുമുള്ള സ്വാധീനവും കോട്ടയത്ത് ശബരിമല വിഷയംകത്തിനിന്നതും തോമസിന് നേട്ടമാകുമെന്നു വന്നതോടെ തോമസ് പിടിക്കുന്ന വോട്ടായിരിക്കും ത്രികോണമത്സരത്തിലെ വിധി നിർണയിക്കുക.

പന്ത്രണ്ടു ലക്ഷത്തോളം വോട്ടുകൾ പോൾ ചെയ്‌താൽ മൂന്നു സ്ഥാനാർത്ഥികളും നാലു ലക്ഷം വീതം പിടിക്കുന്ന സാഹചര്യമുണ്ടെങ്കിലേ യഥാർത്ഥ ത്രികോണമത്സരമാകൂ. പി.സി.തോമസ് രണ്ടു ലക്ഷത്തിനു മുകളിൽ വോട്ടു പിടിക്കില്ലെന്നാണ് എതിരാളികളുടെ പ്രചാരണം. അതേസമയം അട്ടിമറി ജയം നേടുമെന്ന് തോമസും വാദിക്കുന്നു. പ്രചാരണത്തിൽ അവസാനം വരെ മുന്നിട്ടു നിന്നത് ഇടതു സ്ഥാനാർത്ഥി വി.എൻ.വാസവനായിരുന്നു. ആദ്യ ഘട്ട പ്രചാരണത്തിൽപ്പോലും പിന്നിലായ മറ്റു സ്ഥാനാർത്ഥികൾക്ക് ഇടതുമുന്നണി പണക്കൊഴുപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ആരോപിക്കാനേ കഴിഞ്ഞുള്ളൂ. പണത്തിന്റെ കുറവ് പല ബൂത്തുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രതികൂലമായി ബാധിച്ചു. ബൂത്തിൽ പണമെത്തിക്കാത്തതിനാൽ വിഷുദിന ആശംസാകാർഡു പോലും പല സ്ഥലങ്ങളിലും കോൺഗ്രസുകാർ ഇനിയും വിതരണം ചെയ്‌തിട്ടില്ല.

മാണിയുടെ മരണം സഹതാപതരംഗമാക്കി, പ്രചാരണത്തിലെ പിന്നാക്കാവസ്ഥ മറികടക്കാനാണ് ഇപ്പോൾ യു.ഡി.എഫ് ശ്രമം. കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്ക പ്രശ്‌നങ്ങളുടെ പേരിൽ 'ന്യൂട്രലിലായ' നേതാക്കളെയും പ്രവർത്തകരെയും വൈകാരികമായി അടുപ്പിക്കാൻ മാണിയുടെ മരണം നിമിത്തമായിട്ടുണ്ട്. രാഹുൽ ഗാന്ധി മാണിയുടെ പാലായിലെ വീട്ടിലെത്തിയതും കോൺഗ്രസ് പ്രവർത്തകരെ ആവേശഭരിതരാക്കി. ഇത് തോമസ് ചാഴികാടന് മികച്ച ഭൂരിപക്ഷം നേടികൊടുക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. രാഹുലിനൊപ്പം ചാഴികാടൻ നില്‌ക്കുന്ന പോസ്‌റ്ററിനു പിന്നാലെ കെ.എം.മാണിയുടെ ചിത്രമുള്ള പോസ്റ്ററും ഇറക്കി. പണക്കുറവുള്ളതിനാൽ പ്രചാരണത്തിലെ ആർഭാടമൊഴിവാക്കി മാണിസ്‌മരണ ജ്വലിപ്പിച്ച് വോട്ടുറപ്പിക്കാനുള്ള തന്ത്രമാണ് മുന്നേറുന്നത്.

അതേസമയം, മാണിയുടെ വിലാപയാത്ര വോട്ടാക്കി മാറ്റാൻ യു.ഡി.എഫ് നടത്തിയ ശ്രമം അവസാനം അവർക്കുതന്നെ ദോഷം ചെയ്യുമെന്നും, ചിട്ടയായ പ്രചാരണത്തിലൂടെ കോട്ടയത്ത് പണ്ട് സുരേഷ് കുറുപ്പ് നേടിയ അട്ടിമറിജയം വി.എൻ.വാസവൻ നേടുമെന്നുമാണ് ഇടതു മുന്നണി വിലയിരുത്തൽ.