ഇളങ്ങുളം : എലിക്കുളം പഞ്ചായത്തിലെ 173ാം നമ്പർ ബൂത്തിലെ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വോട്ടേഴ്‌സ് സ്ലിപ്പ്. ആയിരത്തിലേറെ വോട്ടർമാർക്ക് വോട്ടെടുപ്പ് കേന്ദ്രം ഇളങ്ങുളം ശ്രീധർമശാസ്താ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്. എന്നാൽ ബി.എൽ.ഒ വിതരണം ചെയ്ത സ്ലിപ്പിൽ ഇളങ്ങുളം സെന്റ് മേരീസ് എൽ.പി സ്‌കൂളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ ബൂത്തിൽ എലിക്കുളത്തെ തന്നെ മറ്റൊരു ബൂത്തിലെ വോട്ടർമാർക്കാണ് വോട്ട്.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പാലാ നിയോജകമണ്ഡല പരിധിയിലാണിത്. ഇളങ്ങുളം ശ്രീധർമശാസ്താ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പോളിംഗ് ബൂത്തിലെ വോട്ടർമാർക്ക് കിട്ടിയ സ്ലിപ്പിൽ വോട്ടെടുപ്പ് കേന്ദ്രം ഇളങ്ങുളം സെന്റ് മേരീസ് എൽ.പി സ്‌കൂൾ എന്നും ഭാഗത്തിന്റെ പേര് എന്നുള്ളിടത്ത് ശാസ്താ ദേവസ്വം സ്‌കൂളെന്നുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ശാസ്താ ദേവസ്വം സ്‌കൂളിലായിരുന്നു പോളിംഗ്. മുൻപൊരു തവണ സെന്റ് മേരീസ് സ്‌കൂളിലെ ബൂത്തിൽ ഇതേ വോട്ടർമാർക്ക് പോളിംഗ് ബൂത്തനുവദിച്ചിരുന്നു. അതിനാൽ ഇത്തവണയും അവിടേക്ക് ബൂത്ത് മാറിയതാവുമെന്നാണ് ഭൂരിഭാഗം വോട്ടർമാരും കരുതിയത്. എന്നാൽ സ്ലിപ്പിൽ പിശകുണ്ടായതാണെന്നും വോട്ടെടുപ്പ് കേന്ദ്രം ദേവസ്വം സ്‌കൂളാണെന്നും ബി.എൽ.ഒ മേരി കുര്യൻ പറഞ്ഞു. തെറ്റ് തിരഞ്ഞെടുപ്പുദ്യോഗസ്ഥരെ ധരിപ്പിച്ചെന്നും പിന്നീട് വെട്ടിയെഴുതിയാണ് സ്ലിപ്പ് നൽകുന്നതെന്നും അവർ പറഞ്ഞു.