മരങ്ങാട്ടുപിള്ളി : പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം രോഗികൾക്ക് ദുരിതകേന്ദ്രമാകുകയാണ് മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം. ദിനംപ്രതി നൂറുകണക്കിന് സാധാരണക്കാരാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ഇലയ്ക്കാട് , മരങ്ങാട്ടുപിള്ളി , മണ്ണയ്ക്കനാട്, കുറിച്ചിത്താനം എന്നിവിടങ്ങളിലുള്ളവരാണ് ഭൂരിഭാഗവും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാകാൻ വൈകുമെന്നതിനാൽ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് കമ്പി പുറത്തേക്ക് തള്ളി നിൽക്കുകയാണ്. സീലിംഗുകളും ഇളകി വീഴാറായ നിലയിലാണ്. ചുമരുകളാകട്ടെ വിണ്ടുകീറിയ നിലയിലും. രോഗികളും ജീവനക്കാരും ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്.
പ്രവേശന കവാടം മുതൽ എല്ലാ ഭാഗങ്ങളിലെയും കോൺക്രീറ്റ് അടർന്നു മാറി കമ്പികൾ കാണാവുന്ന നിലയിലാണ്. പ്രവേശന കവാടത്തിൽ കോൺക്രീറ്റ് ഇളകി മരങ്ങളും വളർന്നു വരുന്നുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കെട്ടിടത്തിന് 20 വർഷത്തിലേറെ പഴക്കം
കോൺക്രീറ്റ് ഭാഗം അടർന്നുവീഴുന്നു
ചുമരുകൾ വിണ്ടുകീറിയ നിലയിൽ
സീലിംഗുകൾ ഇളകിവീഴാറായ നിലയിൽ