road

കുറവിലങ്ങാട് : ചിന്നിച്ചിതറി കിടക്കുന്ന മെറ്റിലുകൾ, ചെറുതും വലുതുമായി നിരവധി കുഴികൾ, മഴയായാൽ വെള്ളക്കെട്ട്, പൊടിശല്യം ...മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ പൈയ്ക്കാട് - വലിയപാറ റോഡ് നാട്ടുകാർക്ക് സമ്മാനിക്കുന്നത് ചില്ലറദുരിതമല്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണിത്. കാൽനടയാത്ര പോലും അസാദ്ധ്യമായ റോഡിലൂടെ വാഹനം എങ്ങനെ പോകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വലിയപാറ ഗ്രാമത്തെ മറ്റ് ഇടങ്ങളിലേക്ക് പോകുന്നതിനായി പൈയ്ക്കാടുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞിട്ട് ഏറെനാളായെങ്കിലും അധികൃതരാരും ഇതുവഴി തിരിഞ്ഞു നോക്കിയിട്ടില്ല.

പകൽ സമയം പൊടിശല്യം രൂക്ഷമായതിനാൽ വ്യാപാരികൾ ബുദ്ധിമുട്ടിലാണ്. ആവശ്യത്തിന് വഴിവിളക്കില്ലാത്തതിനാൽ രാത്രികാലങ്ങളിൽ കുഴിയിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. തകർച്ചയ്ക്ക് പുറമെ റോഡിന് വേണ്ടത്ര വീതിയില്ലാത്തതും അപകടങ്ങൾക്ക് കാരണമാകും. വലിയപാറ, കുറിച്ചിത്താനം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളും , സ്‌കൂൾ ബസുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെയാണ് ടാറിംഗ് പൂർണമായി തകർന്നത്. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാലും വരാതായതോടെ പ്രദേശവാസികൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. അടിയന്തരമായി തകർന്ന റോഡ് പുനർനിർമ്മിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ടാറിംഗ് ഇളകി റോഡിൽ നിറയെ കുണ്ടും കുഴിയും

ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

റോഡിൽ ആവശ്യത്തിന് വഴിവിളക്കില്ല

ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാതായി