കോട്ടയം: വോട്ടെടുപ്പ് അടുത്തതിനൊപ്പം ക്ഷേമപെൻഷനുകൾ ഒന്നിച്ചെത്തിയതോടെ ബാങ്കുകളിൽ തിക്കും തിരക്കുമായി.'മോദിയുടെ കാശെന്തിയേ, ഞങ്ങടെ പിണറായിയുടെ കാശെന്തിയേ...എന്ന് ചോദിച്ചു വൃദ്ധജനങ്ങൾ കൊച്ചു വെളുപ്പാൻ കാലത്തേ ബാങ്കുകളിലെത്തുന്നു.
മാസം 500 രൂപ വീതം ഒരു വർഷം 6000 രൂപ ലഭിക്കുന്നതാണ് പ്രൈം മിനിസ്റ്റർ കിസാൻ സമ്മാൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇത് ഒന്നിച്ച് അക്കൗണ്ടിലെത്തിയിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചവർക്കാണ് ഈ പെൻഷന് അർഹത. അപേക്ഷ കൊടുക്കാത്തവരും ബി.ജെ.പിക്കാർ പറഞ്ഞത് കേട്ടറിഞ്ഞ് ബാങ്കുകളിലെത്തി 'മോദിയുടെ പെൻഷൻ താ ' എന്ന് ചോദിക്കുമ്പോൾ വദ്ധരായ പലരെയും കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവാതെ തലയിൽ കൈ വയ്‌ക്കുകയാണ് ജീവനക്കാർ .
ഇടതു സർക്കാരിന്റെ വാർദ്ധക്യ കാല പെൻഷനും വിധവാ പെൻഷനും മാസം 1000രൂപ വീതമാണ്. കർഷക തൊഴിലാളി പെൻഷൻ 1200 രൂപയും. വോട്ട് മുന്നിൽ കണ്ട് ഇതെല്ലാം ഒന്നിച്ചാണ് അടുത്ത ദിവസം ബാങ്കുകളിൽ എത്തിച്ചിട്ടുള്ളത്. പാർട്ടി പ്രവർത്തകർ വീടുകളിൽ എത്തി പെൻഷൻ വന്നെന്ന് അറിയിച്ചതോടെ 'പിണറായിയുടെ കാശു താ 'എന്ന് ചോദിച്ചാണ് പലരും എത്തുന്നതെന്ന്
ബാങ്ക് ജീവനക്കാർ പറയുന്നു ,
ബാങ്ക്ജീവനക്കാരുടെ ജോലി ഭാരം കുറയ്‌ക്കാൻ എ.ടി.എം കാർഡ് എടുക്കാൻ നിർദ്ദേശിച്ചാൽ വൃദ്ധജനങ്ങൾക്കാർക്കും വേണ്ട. വിരലുകൾ വിറയ്‌ക്കുന്നതിനാൽ ഒപ്പിടാനാവാതെ വിരലടയാളം പതിക്കുന്നവരാണ് പെൻഷൻകാരിൽ ഭൂരിപക്ഷവും. എം.ടി.എം കാർഡ് കിട്ടിയാൽ മക്കളും പേരക്കുട്ടികളും അക്കൗണ്ടിലെ കാശ് അടിച്ചു മാറ്റും .പിന്നെ മരുന്നിന് പോലും അവരുടെ മുന്നിൽ കൈനീട്ടണം. അതുകൊണ്ട് ബാങ്കിലെത്തി പൈസ വാങ്ങിക്കോളാം. പിന്നെ വീടിന് പുറത്തൊന്നിറങ്ങാനും പലരുമായും മിണ്ടാനും പറയാനും കഴിയുമല്ലോ എന്നാണ് വൃദ്ധജനങ്ങൾ പറയുന്നത്.