കോട്ടയം: ചുവരെഴുത്തിന്റെയും പോസ്റ്ററൊട്ടിക്കലിന്റെയും പഴയ വഴികൾ പിന്നിട്ട് പ്രമുഖ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഹൈടെക്ക് പാതയിൽ. രാത്രിയിൽ വഴിയിലൂടെ നടക്കുന്ന ബംഗാളിയുടെ പിന്നിൽ തൂക്കയിട്ട എൽ.ഇ.ഡി സ്‌കൂൾ ബാഗാണ് കൂട്ടത്തിലെ ന്യൂജെൻ. സ്ഥാനാർത്ഥിയുടെ തിളങ്ങുന്ന എൽ.ഇ.ഡി ചിത്രവും ചിഹ്നവുമാണ് ഉള്ളടക്കം. വൈറലായ ഈ പ്രചാരണം കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. തോമസിന്റേതാണ്. ലൈറ്റ് ബാഗെന്നറിയപ്പെടുന്ന ബോർഡുകളിൽ ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എൽ.ഇ.ഡി ബൾബുകളാണുള്ളത്. വഴിവിളക്കുകൾ കുറവുള്ള റോഡുകളിലൂടെ ലൈറ്റ് ബാഗും തൂക്കിയുള്ള നിശബ്‌ദപ്രചാരണം ഹിറ്റായതോടെ മറ്റു സ്ഥാനാർത്ഥികളും എൽ.ഇ.ഡി ബാഗിലേക്കെത്തി.
അഞ്ചുവർഷം മുമ്പത്തെ പ്രചാരണവുമായി തട്ടിച്ചുനോക്കിയാൽ സാങ്കേതിക രംഗത്തുണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾക്ക് പിന്നാലെയാണ് സ്ഥാനാർത്ഥികൾ. എല്ലാ സ്ഥാനാർത്ഥികൾക്കും സോഷ്യൽ മീഡിയ ടീം തന്നെയുണ്ട്. ഫോണിൽ റിംഗ് ടോണിനു പകരം വോട്ട് അഭ്യർത്ഥിച്ചുള്ള സ്ഥാനാർത്ഥിയുടെ ശബ്‌ദ സന്ദേശമെത്തുന്നുണ്ട്. വീടുകളിൽ ആളില്ലാത്ത ബുദ്ധിമുട്ടൊഴിവാക്കാൻ സമൂഹമാദ്ധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. മുഴുവൻ വോട്ടർമാരുടെയും നമ്പർ ശേഖരിച്ച് ട്രോളുകൾ, പ്രമോ വീഡിയോ, ക്യാരക്ടർ പോസ്റ്ററുകൾ തുടങ്ങിയവ മൊബൈലിലേക്കയക്കും. വോട്ടറുടെ പേര് വിളിച്ച് വീഡിയോകോളിലൂടെ സ്ഥാനാർത്ഥി നേരിട്ട് സംസാരിക്കും. വാട്സ്ആപ്പിലൂടെയും വോട്ട് അഭ്യർത്ഥനയെത്തും. കൂടാതെ പ്രാദേശിക ചാനൽ, ഓൺലൈൻ എന്നിവ വഴി വികസന നേട്ടങ്ങളുടെ വീഡിയോ ക്ലിപ്പുമെത്തുന്നുണ്ട്.
കോട്ടയത്തെ ഇടതുസ്ഥാനാർത്ഥി വി.എൻ. വാസവന്റെ 'വരണം വാസവൻ" എന്ന വീഡിയോ തയ്യാറാക്കിച്ചത് പ്രശസ്‌ത സംവിധായകൻ ജയരാജിനെക്കൊണ്ടായിരുന്നു.
പഴയ അനൗൺസ്‌മെന്റ് രീതി മാറി. എല്ലായിടത്തുമെത്തുന്നത് ആധുനിക സ്റ്റുഡിയോകളിൽ റെക്കാഡ് ചെയ്‌ത ഡിജിറ്റൽ അനൗൺസ്‌മെന്റാണ്. ഉത്തരേന്ത്യയിലെ റോഡുഷോ സംസ്‌കാരം ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലും വ്യാപകം. സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച ടീഷർട്ട്, മുഖംമൂടി, പ്ളക്കാർഡുപോലെ ഉയർത്തിപ്പിടിക്കാവുന്ന കട്ടൗട്ട്, ഇരുചക്രവാഹന നിര, നാസിക് ഡോൾ എന്നിവയെല്ലാം റോഡ് ഷോയിലുണ്ട്. തെരുവുനാടകങ്ങൾ കലാലയ സുന്ദരിമാർ ഇളകിയാടുന്ന ഫ്ലാഷ് മോബുകൾക്ക് വഴിമാറി. പ്രചാരണ കൺവീനർമാരുടെ സ്ഥാനം ഈവന്റ് മാനേജർമാർ കൈയടക്കി. പ്രകടനത്തിനും സ്വീകരണത്തിനും ആളെ കൂട്ടുന്നത് മുതൽ 'സകല കച്ചവടവും" നടത്തുന്നതിന് ഈവന്റ് മാനേജ്മെന്റ് കമ്പനികളും പരസ്‌പരം മത്സരിക്കുകയാണ്.