palam

കുറവിലങ്ങാട് : മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വളകുഴി തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ടും അധികൃതർക്ക് കുലുക്കമില്ല. ഭാരവാഹനങ്ങൾ കയറിയാൽ ഏതു നിമിഷവും പാലം തകർന്നുവീഴാമെന്ന അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇലയ്ക്കാട് ഹരിജൻ കോളനി, ലേബർ ഇന്ത്യ പ‌ബ്ളിക് സ്കൂ‌ൾ, ലക്ഷംവീട് കോളനി എന്നിവയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഏതാണ്ട് അറുപത് വർഷത്തിലേറെ പഴക്കമുള്ള പാലം വഴി കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാനുള്ള വീതിയേയുള്ളൂ.

കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ രണ്ട് തവണ പാലത്തിൽ വൻഗർത്തം രൂപപ്പെട്ടിരുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. പാലത്തിന്റെ അടിഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുമായി പോകുന്ന മിനിബസുകൾ, തടിലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അപകടത്തിന് കാത്തുനിൽക്കാതെ പാലത്തിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.