aud

വെച്ചൂർ : മാസത്തിലൊരിക്കൽ കാണിക്കയെണ്ണാൻ മാത്രമായി ഒരു ഓഡിറ്റോറിയം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ ഓഡിറ്റോറിയമാണ് ക്ഷേത്രത്തിനോ ഭക്തജനങ്ങൾക്കോ പ്രയോജനങ്ങളൊന്നുമില്ലാതെ കാണിക്കയെണ്ണാൻ മാത്രമായി ഉപയോഗിക്കുന്നത്. ദേവസ്വം ബോർഡംഗമായിരുന്ന പി.നാരായണൻ മുൻ കൈയ്യെടുത്ത് 2008ലാണ് തൃപ്പക്കുടം ക്ഷേത്രത്തിൽ ഓഡിറ്റോറിയത്തിന് ശിലയിട്ടത്. സ്ഥല പരിമിതി മൂലം ഉപയോഗിക്കാനാവാത്ത പഴയ ഊട്ടുപുരയ്ക്ക് പകരം പുതിയ ഊട്ടുപുര എന്ന കാഴ്ചപ്പാടിലായിരുന്നു ഓഡിറ്റോറിയം 2010 ൽ ഉദ്ഘാടനം നടത്തി. പക്ഷേ അന്നദാനം നടത്തുമ്പോൾ ഭക്തജനങ്ങൾ ഇപ്പോഴും പഴയ ഊട്ടുപുരയുടെ വരാന്തയിലും മറ്റുമിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ക്ഷേത്രത്തിൽ പതിവായി വിവാഹങ്ങൾ നടക്കാറുണ്ട്. വിവാഹശേഷമുള്ള ഭക്ഷണം നൽകാൻ ഓഡിറ്റോറിയത്തിൽ സ്ഥല സൗകര്യമുണ്ട്. പക്ഷേ തൃപ്പക്കുടം ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളുടെ സദ്യ ഏറെയും നടക്കുന്നത് ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ ഓഡിറ്റോറിയത്തിലാണ്. ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ ഭക്ഷണം വിളമ്പാൻ സ്ഥലമുണ്ടെങ്കിലും പാചകപ്പുര ഇല്ല. ഇതാണ് അന്നദാനത്തിനും വിവാഹ സദ്യക്കുമൊക്കെ ഓഡിറ്റോറിയം ഒഴിവാക്കപ്പെടാൻ കാരണം. ഓഡിറ്റോറിയത്തിൽ നിന്ന് ഏറെയകലെ മറ്റൊരുഭാഗത്താണ് നിലവിലെ പാചകപ്പുര. ഇവിടെയാണ് അന്നദാനത്തിനും മറ്റുമുള്ള വിഭവങ്ങൾ പാചകം ചെയ്തുവരുന്നത്. പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ഇവിടെ ഭക്ഷണം പാചകം ചെയ്ത് ഓഡിറ്റോറിയം വരെ എത്തിക്കുകയെന്നതും ശ്രമകരമാണ്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു ദശാബ്ദം പിന്നിടുന്ന ഓഡിറ്റോറിയത്തിലേക്ക് ദേവസ്വംബോർഡ് അടുത്തിടെ കുറേ കസേരകൾ വാങ്ങി നൽകിയിട്ടുണ്ട്. സ്റ്റീൽ ഡെസ്‌കുകളും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ. പക്ഷേ ഓഡിറ്റോറിയം പൂർണ്ണമായി പ്രവർത്തനക്ഷമവും ഭക്തജനങ്ങൾക്ക് പ്രയോജനകരവുമാകണമെങ്കിൽ അതിനോട് ചേർന്ന് പാചകപ്പുരയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.