civil

പൊൻകുന്നം: ഉദ്ഘാടനം നടത്തിയിട്ട് എട്ടുമാസം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് ഇനിയും പ്രവർത്തിക്കാറായിട്ടില്ല. ലിഫ്‌റ്റ് ചലിക്കണമെങ്കിൽ ത്രീഫെയ്‌സ് കണക്ഷൻ വേണം. ഇതിന് ഏകദേശം 42,000 രൂപ വൈദ്യുതി വകുപ്പിൽ അടയ്ക്കണം. തുക ആര് അടയ്ക്കും എന്ന തർക്കം പരിഹരിച്ചാൽ ലിഫറ്റ് ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. റവന്യൂ വകുപ്പിന് ഇത് അടയ്ക്കാനുള്ള ഫണ്ട് ഇല്ലാത്തതിനാൽ ഫയൽ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന് അയച്ചിരിക്കുകയാണ്.എന്നാൽ ഇലക്ട്രിക്കൽ വിഭാഗം ഈ തുക അടയ്ക്കാൻ സാദ്ധ്യതയില്ല. എങ്കിലും ഉന്നത തലത്തിൽനിന്നുള്ള ഇടപെടൽ ഉണ്ടായാൽ പ്രശ്‌നം പരിഹരിക്കാനായേക്കാം. പ്രവർത്തനം തുടങ്ങാത്തതിനാൽ മാസങ്ങൾക്ക് മുൻപ് ഘടിപ്പിച്ച ലിഫ്‌റ്റും ജനറേറ്ററും തുരുമ്പെടുത്ത് തുടങ്ങി. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന റജിസ്ട്രാർ ഓഫിസിലേക്ക് പ്രായമായവരെ താങ്ങി എടുത്ത് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിവിധ ആവശ്യങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ എത്തുന്ന വൃദ്ധരും ഭിന്നശേഷിക്കാരും മുകളിലത്തെ നിലകളിൽ എത്തുന്നത് പരസഹായത്താലാണ്.