കോട്ടയം: തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ സ്ഥാനാർത്ഥികളെല്ലാം അവസാന ലാപ്പിൽ നെട്ടോട്ടത്തിൽ. ആദ്യ ഘട്ടത്തിന്റെ പ്രചാരണത്തിലെ ആലസ്യം മറികടക്കാൻ ആവേശത്തോടെയുള്ള പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ.

കോട്ടയം നിയോജക മണ്ഡലത്തിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പര്യടനം.വിജയപുരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച പര്യടനം, കളത്തിപ്പടി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലൂ‌ടെ കോട്ടയം മണ്ഡലത്തിൽ പ്രവേശിച്ചു. ആർപ്പൂക്കര, കരൂർ, രാമപുരം മണ്ഡലങ്ങളിലും പ്രചാരണം നടന്നു.പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മണ്ഡലം കേന്ദ്രങ്ങളിലാണ് സമാപന പരിപാടികൾ നടക്കുക. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിലെ കലാശക്കൊട്ട് കോട്ടയം നഗരമദ്ധ്യത്തിൽ നടക്കും. പാലാ മണ്ഡത്തിൽ യു.‌ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ പ്രാർത്ഥന നടക്കും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ കുമരത്താണ് പ്രചാരണം നടത്തിയത്. തുറന്ന വാഹനത്തിൽ കുമരകം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഇന്നലെ സ്ഥാനാർത്ഥി എത്തിയത്. കുമരകത്തും വൈക്കത്തും ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലുമായിരുന്നു വാഹന പ്രചാരണം. കുമരകത്ത് കണ്ടൻകാവിൽ നിന്നായിരുന്നു വാഹന പ്രചാരണത്തിനു തുടക്കമിട്ടത്. പ്രളയകാലത്ത് രക്ഷാ പ്രവർത്തനം നടത്തിയ വാസവന് നാട്ടുകാർ നന്ദി പറഞ്ഞുകൊണ്ടാണ് സ്വീകരണം ഒരുക്കിയത്. സ്ത്രീകളും കുട്ടികളും മത്സ്യ - കക്ക തൊഴിലാളികളും കൃഷിക്കാരുമെല്ലാം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ അണിനിരന്നു. നാരകത്തറയിലും ,ആശാരിമറ്റം കോളനിയിലുമെല്ലാം നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത്. ഇന്ന് വൈകിട്ട് മൂന്നു മണി മുതൽ കലാശക്കൊട്ടിനായി എൽ.ഡി.എഫ് പ്രവ‌ർത്തകർ കോട്ടയം നഗരത്തിൽ അണിനിരക്കും.