കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 70 ലക്ഷത്തിൽ താഴയേ ചെലവഴിക്കാവൂ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം കാറ്റിൽപ്പറത്തി പല സ്ഥാനാർത്ഥികളും ചെലവഴിച്ചത് പത്തുകോടി രൂപ വരെ.

ഇതു വരെ 70 ലക്ഷത്തിൽ താഴെയേ ചെലവഴിച്ചിട്ടുള്ളൂ എന്ന കണക്ക് മൂന്നാംഘട്ട ബില്ലായി 20ന് എല്ലാ സ്ഥാനാർത്ഥികളും നൽകിയെങ്കിലും പ്രചാരണോപാധികളുടെയും പര്യടനത്തിന്റെയും മറ്റും തെളിവുകളോടെ ഭൂരിപക്ഷം സ്ഥാനാർത്ഥികളും ഇതിനകം പരിധി ലംഘിച്ചു 70 ലക്ഷത്തിനു മുകളിൽ ചെലവഴിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഷാഡോ ഒബ്സർവർ കണ്ടെത്തി വിശദീകരണം ചോദിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പരാതികൾ കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കിയ സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനിലും അധിക ചെലവിന്റെ വിവരം ലഭിച്ചിട്ടുണ്ട്. സ്വന്തം പാർട്ടിക്കാർ വരെ ചില സ്ഥാനാർത്ഥികൾക്കിട്ട് പണി കൊടുക്കാൻ ഈ ആപ്ലിക്കേഷനിൽ അധിക ചെലവിന്റെ കൃത്യമായ കണക്ക് ഇട്ടതായറിയുന്നു.

സ്ഥാനാർത്ഥികൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കമ്മിഷന് നടപടിയെടുക്കാം. ജയിച്ചാലും അധികചെലവിന്റെ തെളിവുകളുമായി തിരഞ്ഞെടുപ്പ് കേസു വന്നാൽ എം.പി സ്ഥാനം നഷ്ടപ്പെടാം.

കോട്ടയത്ത് മൂന്ന് മുന്നണി സ്ഥാനാർത്ഥികളിൽ രണ്ട് പേരും പരിധി ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തി വിശദീകരണം ചോദിച്ചിരിക്കുകയാണ്. കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും ഇതു തന്നെയാണ് പൊതു സ്ഥിതി.

കോട്ടയത്തു മാത്രം വിവിധ സ്ഥാനാർത്ഥികളുടെ 85835 പ്രചാരണോപാധികളാണ് കമ്മിഷന്റെ ഡിഫേസ്‌മെന്റ് സ്ക്വാഡ് നശിപ്പിച്ചത്. ഇതും ഓരോ സ്ഥാനാർത്ഥികളുടെ ചെലവിൽ കൂട്ടും.

വൻ തോതിൽ കാശിറക്കിയുള്ള പ്രചാരണ സമാപന കലാശക്കൊട്ട്, ഇന്നത്തെ ബൂത്ത് കെട്ടൽ, വോട്ടെടുപ്പ് തീരുമ്പോഴുള്ള മറ്റു 'അധികചെലവ് ' എന്നിവയുടെ കണക്ക് ഇനിയാണ് സമർപ്പിക്കേണ്ടത്.