ഏറ്റുമാനൂർ: പല കേസുകളിലായി പിടിച്ചെടുത്ത് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന ചെറുതും വലുതുമായ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങൾ മുതൽ അടുത്തകാലത്ത് പിടികൂടിയവ വരെ ഇവിടെ കുന്നുകൂടിയിട്ടുണ്ട്. ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും പിടിച്ചെടുത്ത പഴയ വാഹനങ്ങൾ ലേലം ചെയ്യുമ്പോഴാണ് ഇവിടെ ഈ ദുർഗതി.
ഇരുചക്ര വാഹനങ്ങളിൽ തുടങ്ങി ടിപ്പർ അടക്കമുള്ള വലിയ വാഹനങ്ങൾ വരെ ലേലനടപടികൾ വൈകുന്നതിനാൽ നശിക്കുകയാണ്. കാലപ്പഴക്കം മൂലം വാഹനത്തിന്റെ പലഭാഗങ്ങളും പലയിടങ്ങളിലായി ചിതറി കിടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രൗണ്ടിന് പുറമേ സ്റ്റേഷനിലേക്ക് വരുന്ന പോക്കറ്റ് റോഡിന്റെ വശങ്ങളിലും ഇത്തരത്തിലുള്ള വാഹനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. വീതി കുറഞ്ഞ റോഡായാതിനാൽ ഇത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യുകയാണെങ്കിൽ നല്ലൊരു വരുമാനം സർക്കാരിന് ലഭിക്കുമെങ്കിലും നടപടികൾ വേഗത്തിലാകുന്നില്ല.