പൊൻകുന്നം: പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘമെത്തി. സി.ആർ.പി.എഫ്. അംഗങ്ങളെയും സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയുമാണ് കൂടുതലായി നിയോഗിച്ചിരിക്കുന്നത്. ബൂത്തുകളുടെ സമീപപ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന സംഘം അവശ്യസമയത്ത് മാത്രമാണ് ബൂത്തുകളിലെത്തുക. ബൂത്തുകളിൽ എപ്പോഴും ഇവരുടെ നിരീക്ഷണമുണ്ടാകും. ലോക്കൽ പോലീസ് മുഴുവൻ സമയ പട്രോളിംഗ് തുടങ്ങി. ഒരു പ്രദേശത്ത് അഞ്ചു വാഹനങ്ങളാണ് പട്രോളിംഗ് നടത്തുക. എല്ലാ ബൂത്തുകളിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കാവലുണ്ടാവും. ഒരേസ്ഥലത്ത് ഒന്നിൽക്കൂടുതൽ ബൂത്തുകളുണ്ടെങ്കിൽ പൊലീസുകാർക്കൊപ്പം എസ്.പി.ഒയും ഡ്യൂട്ടിയിലുണ്ടാകും. കാഞ്ഞിരപ്പള്ളി അസംബ്ലിനിയോജക മണ്ഡലത്തിൽ 16 പ്രശ്‌ന ബാധിത ബൂത്തുകളും പൂഞ്ഞാറിൽ മൂന്ന് പ്രശ്‌ന ബാധിത ബൂത്തുകളുമുണ്ട്. കാഞ്ഞിരപ്പള്ളിയിൽ തമ്പലക്കാട് ഗവ. എൽ.പി. സ്‌കൂളിലെ 16, 17 ബൂത്തുകൾ, ചിറക്കടവ് എൻ.എസ് .എൽ.പി സ്‌കൂളിലെ 67, 68 ബൂത്തുകൾ, ചിറക്കടവ് വി. എസ് .യു.പി സ്‌കൂൾ, ചിറക്കടവ് എസ്.പി.വി എൻ.എസ്.എസ് യു.പി സ്‌കൂളിലെ 60, 61 ബൂത്തുകൾ, വാഴൂർ ഗവ ഹൈസ്‌കൂളിലെ 86, 87, 89, 90 ബൂത്തുകൾ, വാഴൂർ ഗവ എൽ.പി.ജി. സ്‌കൂൾ, വാഴൂർ എസ്.വി.ആർ.വി എൻ.എസ്.എസ് ഹൈസ്‌കൂളിലെ 93, 94 ബൂത്തുകൾ, കങ്ങഴ ഗവ എൽ.പി. സ്‌കൂളിലെ 147, 148 ബൂത്തുകൾ എന്നിവ പ്രശ്‌നബാധിത ബൂത്തുകളിൽ ഉൾപ്പെടും. പൂഞ്ഞാർ മണ്ഡലത്തിൽ തെക്കേക്കര ഗവ എച്ച്.എസ്.എസിലെ മൂന്നു ബൂത്തുകളാണ് പ്രശ്‌നബാധിത ലിസ്റ്റിലുള്ളത്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ആകെ വോട്ടർമാരുടെ എണ്ണം 1,78,708ഉും, പൂഞ്ഞാറിൽ ആകെ വോട്ടർമാർ 1,78,735ഉും ആണ്. പൂഞ്ഞാറിൽ 3270 കന്നി വോട്ടുകളും, കാഞ്ഞിരപ്പള്ളിയിൽ 3428 കന്നിവോട്ടുകളുമുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വിവിധ ബൂത്തുകളിലായി 868 ജീവനക്കാരുടെയും പൂഞ്ഞാറിൽ 856 ജീവനക്കാരുടെ സേവനം ലഭ്യമാക്കും.