വൈക്കം: ലോകസഭ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനായി വൈക്കത്തെ 159 ബൂത്തുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു സാമഗ്രികൾ വൈക്കം ആശ്രമം സ്‌കുളിൽ നിന്ന് വിതരണം ചെയ്തു. ഓരോ ബൂത്തിലേയ്ക്കുമുള്ള വോട്ടിംഗ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പു സാമഗ്രികൾ ഓരോ യുണിറ്റായി പൊലീസ് കാവലിലാണ് ബൂത്തുകളിൽ എത്തിച്ചത്. പ്രശ്‌നബാധിത ബൂത്തുകളായി അധികൃതർ കണക്കാക്കുന്ന 17ബുത്തുകളിൽ പൊലീസിനു പുറമെ സുരക്ഷയ്ക്കായി കൽക്കട്ട ആംഡ് പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. കല്ലറ പഞ്ചായത്തിലെ വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാറിലെ പാറയിൽ കോളനിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന 137ാം നമ്പർ ബുത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പു സാമഗ്രികൾ മാത്രമാണ് എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ കൊണ്ടുപോയത്. കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ വോട്ടർമാർ പൂർണമായും രണ്ടാം വാർഡിലെ പകുതിയോളം വോട്ടർമാർക്കും സമ്മതിദാന അവകാശം വിനിയോഗിക്കാനാണ് കമ്മ്യൂണിറ്റി ഹാളിൽ ബൂത്തു സജ്ജീകരിച്ചിട്ടുള്ളത് 998 വോട്ടർമാരാണ് ഈ ബൂത്തിൽ ഉള്ളത്. ആശ്രമം സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലായിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. കനത്ത സുരക്ഷ ഉറപ്പാക്കിയ ഇവിടെയാണ് വോട്ടെടുപ്പിനു ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. വൈക്കം തഹസിൽദാർ കെ.എം.നാസർ, ഡെപ്യൂട്ടി തഹസിൽദാർ അനുപമൻ, വി.രാജു, ഷാൽ ബന്ദ് ,ഹരീഷ് കുമാർ, ആർ.രാജേഷ്, കെ.എസ്.പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നടക്കുന്നത്.കുടുംബശീ പ്രവർത്തരാണ് ബൂത്തുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള പ്രകൃതി സൗഹൃദ കേന്ദ്രങ്ങായി ബൂത്തുകളെ മാറ്റാൻ കുടുംബശീ പ്രവർത്തകർ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്.