പാലാ : പാലാ നിയോജകമണ്ഡലത്തിൽ എല്ലാ ബൂത്തുകളിലും കനത്ത പോളിംഗ്. പഞ്ചായത്തുകളിൽ മന്ദഗതിയിൽ തുടങ്ങിയ പോളിംഗ് രാവിലെ 9 കഴിഞ്ഞതോടെ തിരക്കിലേക്ക് മാറി. ഏറ്റവുമധികം വോട്ടർമാരുള്ള 128-ാം നമ്പർ സെന്റ് തോമസ് ഹയർ സെക്കൻഡറി, 129-ാം നമ്പർ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലാണ് രാവിലെ മുതൽ കനത്ത തിരക്ക് അനുഭവപ്പെട്ടത്. നഗരസഭയുടെ ടൗൺ വാർഡുകളിലെ ബൂത്തുകളിലെല്ലാം ഉച്ചവരെ തിരക്കനുഭവപ്പെട്ടിരുന്നു. ഇതിന് പുറമെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ നിയോജകമണ്ഡലത്തിൽ തന്നെയുള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഏതെങ്കിലും ബൂത്തുകളിൽ കയറി വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക രേഖകൾ നൽകിയിരുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് ജീവനക്കാർ കൂട്ടത്തോടെ ടൗൺ ബൂത്തുകളിൽ എത്തിയത് മണിക്കൂറുകൾ നീളുന്ന ക്യൂവിനിടയാക്കി.
ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് വർദ്ധിച്ച സാഹചര്യങ്ങളിൽ വോട്ട് ചെയ്യാതെ മടങ്ങിയവരും ഏറെയാണ്. വൃദ്ധർക്കും അംഗപരിമിതർക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ക്യൂ നിൽക്കാതെ തന്നെ വോട്ട് രേഖപ്പെടുത്താനായി. ഇതിനായി അംഗൻവാടി ജീവനക്കാരെയും ആശാ വർക്കർമാരെയും എൻ.എൻ.എസ് വോളന്റിയർമാരുടെയും സേവനം ഓരോ ബൂത്തുകളിലും ലഭ്യമാക്കിയിരുന്നു.
പ്രമുഖരുടെ വോട്ട്
പാലാ : അന്തരിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. മകൻ ജോസ് കെ. മാണിക്കും, മരുമകൾ നിഷയ്ക്കും കൊച്ചുമക്കൾക്കും ഒപ്പമാണ് കുട്ടിമ്മ എത്തിയത്. കുട്ടിയമ്മയെ വോളന്റിയർമാർ ക്യൂവിൽ നിർത്താതെ വോട്ടിംഗ് സ്‌റ്റേഷനിലേക്ക് കടത്തിവിട്ടു. ജോസ് കെ. മാണിയും മക്കളായ പ്രിയങ്കയും ഋതികയും ഒരുമണിക്കൂറോളം ക്യൂവിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഋതികയുടെ കന്നിവോട്ടായിരുന്നു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനും സെന്റ് തോമസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ വോട്ട് രേഖപ്പെടുത്തി.