elephant

ചങ്ങനാശേരി : ആനപ്രേമികളുടെ കണ്ണിൽ പൂരക്കാഴ്ചയൊരുക്കി ഇത്തിത്താനം ഗജമേള. ഇളങ്കാവിലമ്മയെ വണങ്ങി തലയെടുപ്പുള്ള കരിവീരന്മാർ വരിവരിയായി എത്തിയതോടെ ആവേശം അലകടലായി. പുതുപ്പള്ളി കേശവൻ കാഴ്ചശ്രീബലിയിൽ ഇളങ്കാവിലമ്മയുടെ പൊൻതിടമ്പേറ്റി. മംഗലാംകുന്ന് ശരൺ അയ്യപ്പൻ ഇടത്തേക്കൂട്ടായും ,​ മംഗലാംകുന്ന് അയ്യപ്പൻ വലത്തേക്കൂട്ടായും അകമ്പടിയേകി. ഉയരം കൊണ്ടും ലക്ഷണം കൊണ്ടും ശ്രദ്ധേയരായ 12 ആനകളാണ് മേളയിൽ അണിനിരന്നത്. ഇന്നലെ രാവിലെ മുതൽ വിവിധ കാവടിസംഘങ്ങളുടെ നേതൃത്വത്തിൽ കാവടിഘോഷയാത്രകൾ ക്ഷേത്രത്തിലെത്തിച്ചേർന്നു. ഇളംകാവ് മഹാദേവി കാവടിസംഘം, അമ്പലക്കോടി യുവജനസമാജം, ചാലച്ചിറ ശ്രീകൃഷ്ണസേവാസമിതി, പൊൻപുഴ യുവജനസമാജം, കുരട്ടിമല ഹൈന്ദവ സേവാസമിതി, പാപ്പാഞ്ചിറ യുവജനസിമിതി, മുട്ടുചിറ ദേവിവിലാസം ഭജനസമിതി, മലകുന്നം അയ്യപ്പസേവാ സമിതി, ചെമ്പുചിറ യുവജനസമാജം, ചിറവമുട്ടം ശ്രീദേവി യുവജനസമാജം എന്നിവയുടെ നേതൃത്വത്തിലാണ് കാവടി കുംഭകുട ഘോഷയാത്രകൾ നടന്നത്. വൈകിട്ട് നാലോടെ ക്ഷേത്രത്തിന്റ തെക്കേനടയിലാണ് ഗജരാജസംഗമം നടന്നത്. സംഗമത്തിന് ശേഷം കിഴക്കേനടയിൽ കാഴ്ചശ്രീബലിയും സേവയും നടന്നു. കേളത്ത് സുന്ദരൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും അരങ്ങേറി.

കുറുമ്പ് കാട്ടി രാജൻ,​ ഭീതിയോടെ ഭക്തർ

ഗജമേളയ്ക്കായി എത്തിച്ച കൊമ്പൻ പാമ്പാടി രാജൻ ഇടഞ്ഞോടിയത് മണിക്കൂറുകളോളം ക്ഷേത്രപരിസരത്തെ മുൾമുനയിലാക്കി. ഗജമേള ആരംഭിക്കുന്നതിനു മുന്നോടിയായി എഴുന്നള്ളത്തിന് ഇറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ആന ഇടഞ്ഞത്. വെള്ളം നൽകുന്നതിനായി മൈതാനത്തിന്റെ ഒരു ഭാഗത്ത് മാറ്റി നിറുത്തുന്നതിനിടെ ആന പാപ്പാന്മാരുടെ പിടിയിൽ നിന്നു കുതറി മാറി ഇടഞ്ഞോടുകയായിരുന്നു. മൈതാനത്തിന് പുറത്തെ പറമ്പിലേയ്ക്ക് ഓടിമാറിയ ആന തെങ്ങ് കുത്തി മറിച്ചു. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൈതാനത്തിനു സമീപത്തു പാർക്ക് ചെയ്തിരുന്ന കാറും തകർത്തു. എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്തെത്തി. ഡിവൈ.എസ്.പി എൻ.രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭക്തരെ നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.