model-booth

ചങ്ങനാശേരി : പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിൽ ഒരുക്കിയ മാതൃകാ ഹരിത പോളിംഗ് ബൂത്തുകൾ വോട്ടർമാർക്ക് നവ്യാനുഭവമായി. പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിർദേശങ്ങളിലൊന്നായ പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായാണ് മാതൃകാ ഹരിത പോളിംഗ് ബൂത്ത് ഒരുക്കിയത്. ചങ്ങനാശേരി വെരൂർ സെന്റ് മേരീസ് എൽ.പി സ്‌കൂൾ ബൂത്ത് നമ്പർ (44), വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്.എസ്.എസ് ബൂത്ത് നമ്പർ (115), ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് എച്ച്.എസ്.എസ് ബൂത്ത് നമ്പർ (123), പറാൽ ജൂബിലി മെമ്മോറിയൽ എൽ.പി.എസ് ബൂത്ത് നമ്പർ (140,142), ജെ.എം.എൽ.പി.എസ് എന്നിവിടങ്ങളായിരുന്നു മാതൃക ബൂത്തുകൾ. ഇതിൽ വെരൂർ സെന്റ് മേരീസ് എൽ.പി.എസ് സ്‌കൂളിൽ പിങ്ക് ബൂത്തുംഉണ്ടായിരുന്നു.
മുളയും ഓലയും ഉപയോഗിച്ച് പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം. മാതൃക ബൂത്തുകൾ സംസ്‌കരിക്കാൻ കഴിയുന്ന വസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ജനാധിപത്യത്തെക്കുറിച്ചും വോട്ടവകാശത്തെക്കുറിച്ചുമുള്ള ലഘുലേഖനങ്ങളും പ്ലക്കാർഡുകളും ബലൂണുകളും കൊണ്ട് ചുവരുകൾ അലങ്കരിച്ചിരുന്നു. ഹരിത പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംശയങ്ങൾ തീർക്കുന്നതിനായി ഹെല്പ് ഡെസ്‌ക് സൗകര്യവും ഒരുക്കി. വികലാംഗർക്കും, കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കും പ്രത്യേകം സൗകര്യമുണ്ടായിരുന്നു. വോട്ടർമാർക്ക് ആശ്വാസമായി തണൽ പന്തലുകളും ഫാനുകളും ക്രമീകരിച്ചിരുന്നു. മൺപാത്രത്തിൽ കുടിവെള്ളം, കൂളർ, ടേബിൾ, ഇരിപ്പിടങ്ങൾ, വീൽചെയർ, റാംപ് എന്നിവയും സജ്ജമാക്കിയിരുന്നു.