കറുകച്ചാൽ : നൂറ്റൊന്നാം വയസിലും ഉറച്ച ജനാധിപത്യ ബോധത്തിലാണ് നാട്ടുകാരുടെ ആശാത്തിയമ്മ. തോട്ടയ്ക്കാട് വിലക്കുന്നത്ത് പാർവതിയമ്മയെന്ന ആശാത്തിയമ്മ തോട്ടയ്ക്കാട് ഗവ.ഹൈസ്കൂളിലാണ് വോട്ട് ചെയ്തത്. വോട്ടവകാശം ലഭിച്ചപ്പോൾ മുതൽ വോട്ട് ചെയ്യാൻ തുടങ്ങിയതാണ് ആശാത്തിയമ്മ. കൊച്ചുമകനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. കളരിയിലൂടെ ആയിരങ്ങൾക്ക് അക്ഷരം പകർന്നു നൽകിയതടെയാണ് പാർവതിയമ്മ നാട്ടുകാരുടെ ആശാത്തിയമ്മയായത്. പ്രദേശത്തെ പലപ്രമുഖരും ഹരിശ്രീ കുറിച്ചത് ആശാത്തിയമ്മയിലൂടെയാണ്. തോട്ടയ്ക്കാട് ഒരു റോഡിന് 'ആശാത്തിയമ്മ' എന്ന പേര് നൽകി കഴിഞ്ഞ വർഷം ശിഷ്യൻമാർ സ്നേഹം പ്രകടിപ്പിച്ചിരുന്നു.