കോട്ടയം: കോട്ടയത്ത് ജയിക്കുമെന്ന് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും നേതാക്കളും ഉറപ്പ് പറയുന്നു. പൊളിംഗ് ശതമാനം ഉയർന്നതും പരമാവധി വോട്ടുകൾ ചെയ്യിക്കാൻ കഴിഞ്ഞതും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ .
പ്രചാരണത്തിലെ മികവ് വോട്ടായെന്നാണ് ഉയർന്ന പോളിംഗ് ശതമാനം തെളിയിക്കുന്നതെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി വി.എൻ.വാസവൻ പറഞ്ഞു. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം, ഏറ്റുമാനൂർ, പിറവം, കോട്ടയം മണ്ഡലങ്ങളിൽ ഭൂരിപക്ഷം ലഭിക്കും. ഏറ്റുമാനൂരും വൈക്കത്തും വൻ ഭൂരിപക്ഷം കിട്ടും. യു.ഡി.എഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന കടുത്തുരുത്തിയിൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറവാണ് . ഇത് നേട്ടമാകും. പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിലും എതിർ സ്ഥാനാർത്ഥി കൂടുതൽ ലീഡ് നേടുമെന്നു കരുതുന്നില്ല . പാർട്ടി തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ജയം ഉറപ്പാണെന്ന് കരുതുന്നതായി വാസവൻ അറിയിച്ചു.
ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് കേരളകോൺഗ്രസ് നേതാക്കൾ അവകാശപ്പെടുമ്പോൾ കണക്കുകൾ നിരത്തിയുള്ള അവകാശ വാദത്തിനൊന്നും യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തയ്യാറാകുന്നില്ല . ജനാധിപത്യ വോട്ടുകളെല്ലാം പോൾ ചെയ്യാനായി നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് പ്രതീക്ഷ . രാഹൂൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കി. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. അതിന്റെ നേട്ടമുണ്ടാകും. മാണി സാറിന്റെ ഓർമയും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നും ചാഴികാടൻ പറഞ്ഞു.
പ്രതീക്ഷ പോലെ തന്നെയായിരുന്നു ഉയർന്ന പോളിംഗെന്ന് പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയത്ത് നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ജയിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസ് പറഞ്ഞു. മികച്ച പ്രചാരണത്തിലൂടെ ശക്തമായ ത്രികോണമത്സരത്തിലേക്ക് മണ്ഡലത്തെ എത്തിക്കാൻ കഴിഞ്ഞു. പിറവത്തും പാലായിലും പുതുപ്പള്ളിയിലും അടിയൊഴുക്കുകളുണ്ടായിട്ടുണ്ട്. ഇത് അനുകൂല മായേക്കുമെന്നും തോമസ് പറഞ്ഞു.
വൈകിട്ട് ആറിന് ശേഷം മൂന്ന് മുന്നണികളുടെ നേതാക്കളും ഉയർന്ന പോളിംഗ് ശതമാനം വിലയിരുത്തി. കേരളകോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോളിംഗ് മറ്റു മണ്ഡലങ്ങളിലെപ്പോലെ ഉയരാതിരുന്നത് ചർച്ചയായിട്ടുണ്ട്.
മുന്നണി സ്ഥാനാർത്ഥികളെല്ലാം ഏഴു നിയമസഭാ മണ്ഡലങ്ങളിലും രാവിലെ മുതൽ ഓട്ടപ്രദക്ഷിണം നടത്തി . പല ബൂത്തുകളിലും വോട്ടർമാരെ അവസാനവട്ടം കണ്ട് വോട്ടൊന്നുകൂടി ഉറപ്പിച്ചു. ഒപ്പം പ്രവർത്തകരുമായി ചർച്ച നടത്തി പരമാവധി വോട്ടുകൾ ചെയ്യിക്കാനുള്ള ശ്രമം നടത്തിയിരുന്നു . ഉച്ചകഴിഞ്ഞ് മഴ പ്രതീക്ഷയിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. മഴ ശല്യപ്പെടുത്താതിരുന്നതിനാൽ വൈകിട്ട് അഞ്ചു കഴിഞ്ഞും പല ബൂത്തിലും നീണ്ട ക്യൂവായിരുന്നു.