കോട്ടയം: പ്രചാരണ രംഗത്തെ ആവേശം ഇന്നലെ ബൂത്തിലും ദൃശ്യമായി. ജില്ലയിൽ നടന്നത് കനത്ത പോളിംഗ്. തുടക്കത്തിൽ കടുത്തുരുത്തിയിൽ വോട്ടിംഗ് മെഷിനുകൾ പണികൊടുത്തു. രാത്രി 8ന് ശേഷം ഏഴ് ബൂത്തുകളിൽ പോളിംഗ് തുടർന്നു. ഒരു ബൂത്തിൽ പോലും അക്രമമില്ലാതെ സമാധാനപരായി വോട്ട് രേഖപ്പെടുത്താനായി. വൈക്കത്ത് ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ കടുത്തുരുത്തിയിൽ ഏറ്റവും കുറവ് ആളുകൾ വോട്ട് ചെയ്ത്. രാവിലെ നേരിയ മഴയുടെ അന്തരീക്ഷ മുണ്ടായിരുന്നെങ്കിലും പിന്നീട് മഴ വലച്ചില്ല. പൊള്ളുന്ന വെയിലിലും ആളുകൾ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാൻ പോകുന്നതിനിടെ തലയോലപ്പറമ്പിലും പാറമ്പുഴയിലും ഓരോരുത്തർ കുഴഞ്ഞു വീണു മരിച്ചു.

പിറവം

മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയർപ്പിച്ച പിറവത്ത് ആറിന് ശേഷവും പോളിംഗ് നടന്നു. ചോറ്റാനിക്കരയിലെ ചില ബൂത്തുകളിൽ 100ലേറെ പേർക്ക് ടോക്കൺ നൽകി. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ ഏഴിന് മോക് പോളിംഗ് 88 ശതമാനവും പൂർത്തിയാക്കി. രാത്രി എട്ട് വരെയുള്ള കണക്ക് അനുസരിച്ച് 71.89 ശതമാനമാണ്

പോളിംഗ്

വൈക്കം

ജില്ലയിൽ ഏറ്റവും കൂടുതൽ പോൾ ചെയ്തത് വൈക്കത്താണ്. എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രമായ വൈക്കത്ത് വോട്ടിംഗ് ശതമാനം ഉയർന്നത് ഇടത് ക്യാമ്പിൽ പ്രതീക്ഷ ഉണർത്തുന്നു. സംഘർഷ സാദ്ധ്യതാ പ്രദേശമായിരുന്നെങ്കിലം ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തലയോലപ്പറമ്പ് പഞ്ചായത്തിലെ വോട്ടറായ റോസമ്മ ഔസേപ്പ് വോട്ട് ചെയ്യാൻ പോകുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് 76.50 ശതമാണ് പോളിംഗ്.

 പാലാ

പാലായിൽ പോളിംഗ് ശതമാനം കുറവായിരുന്നു. സമാധാന പരമായിരുന്നു പോളിംഗ്.

 കടുത്തുരുത്തി

വോട്ടിംഗ് മെഷീനിലെ തകരാറുകൾ മൂലം പല ബൂത്തുകളിലും വോട്ടിംഗ് തുടക്കത്തിൽ നിറുത്തി വയ്‌ക്കേണ്ടിവന്നു. 129-ാം നമ്പർ ബൂത്തിൽ പത്ത് മോക്പോൾ ചെയ്തതിന് ശേഷം യന്ത്രം കേടായി. പകരം മെഷിനെത്തിച്ച് വോട്ടിംഗ് തുടങ്ങിയപ്പോൾ 8.30ആയി. 70.37 ആണ് ഇവിടുത്തെ പോളിംഗ്.

 ഏറ്റുമാനൂർ

ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ളതിനാൽ കേന്ദ്രസേന വന്നിറങ്ങിയ ഏറ്റുമാനൂരിലും സമാധാന പരമായിരുന്നു പോളിംഗ്. തൊണ്ണംകുഴിയിലെ ബൂത്തിൽ 7മണിക്ക് ശേഷവും ക്യൂ നീണ്ടു.75 .34 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി.

 പുതുപ്പള്ളി

സമാധാന പരമായിരുന്നു പോളിംഗ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാവിലെ 8.30ന് ജോർജിയൻ പബ്ളിക് സ്കൂളിലെ ബൂത്തിൽ എത്തി വോട്ട് ചെയ്തു. 74.50 ശതമാനമാണ് പോളിംഗ്.

 കോട്ടയം

വടവാതൂരിലെ 49-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷിൻ പ്രശ്നമായെങ്കിലും തുടക്കത്തിൽ തന്നെ പ്രശ്നം പരിഹരിക്കാനായി. നട്ടുച്ചയ്ക്ക് പോലും കനത്ത ക്യൂ പ്രത്യക്ഷ മണ്ഡലം കൂടിയാണ് കോട്ടയം. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാറമ്പുഴ ദേവീവിലാസം സ്കൂളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ നിർമാണ തൊഴിലാളി എം.പി സുരേഷ് കുഴഞ്ഞു വീണ് മരിച്ചു. ജസ്റ്റിസ് കെ.ടി തോമസ്, വൈക്കം വിശ്വൻ, നടൻ വിജയരാഘവൻ, സംവിധായകൻ ജയരാജ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.76.30 ശതമാനമായിരുന്നു പോളിംഗ്.