തലയോലപ്പറമ്പ്: അര നൂറ്റാണ്ടിലധികമായി പാലത്തിനായി കേഴുന്ന ചെമ്പ് കാട്ടിക്കുന്നു തുരുത്തു നിവാസികൾ അവരുടെ ചിരകാല സ്വപ്നമായ പാലം വരുമെന്ന പ്രതീക്ഷയിൽ ഇത്തവണയും വള്ളത്തിൽ പുഴ കടന്നെത്തി വോട്ടു ചെയ്തു. കാട്ടിക്കുന്നു തുരുത്തിലെ 200 ൽ അധികം കുടുംബങ്ങൾ ചെമ്പ് കാട്ടിക്കുന്നു ഗവൺമെന്റ് എൽ. പി സ്‌കൂളിലാണ് വോട്ടു ചെയ്തത്. ഈ തെരഞ്ഞെടുപ്പു കാലത്തും കാട്ടിക്കുന്നു തുരുത്തു പാലം സജീവ ചർച്ചയായിരുന്നു. വേമ്പനാട്ടു കായലും മൂവാറ്റുപുഴയാറും അതിരിടുന്ന തുരുത്തിലേയ്ക്ക് അരനൂറ്റാണ്ടിലധികമായി കടത്തുവള്ളമാണ് ഏകആശ്രയം. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തമൂലം തുരുത്തിന്റെ വികസനവും വഴിമുട്ടിയിരിക്കുകയാണ്. കാലങ്ങളായി മാറി മാറി വരുന്ന ഭരണാതികാരികൾ തുരിത്ത് നിവാസികളെ കണ്ടില്ല എന്ന് നടിക്കുമ്പോളും ഈ തവണ എങ്കിലും പാലം വരുമെന്ന പ്രതീക്ഷയിലാണ് നിവാസികൾ. വോട്ട് ബഹിഷ്‌കരിച്ചുള്ള പ്രതിക്ഷേധത്തിനൊന്നും കാട്ടിക്കുന്നു തുരുത്തുകാർക്ക് താൽപര്യമില്ലായിരുന്നു. പ്രതീകാത്മക തീപ്പാലം തീർത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് തുരുത്ത് നിവാസികൾ പ്രതിഷേധിച്ചിരുന്നു. കാട്ടിക്കുന്നുതുരുത്തിൽ പാലം യാഥാർഥ്യമാക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയും സർക്കാരും നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കാട്ടിക്കുന്നു തുരുത്തുനിവാസികൾ.