poling

വൈക്കം: വൈക്കത്തും രാവിലെ മുതൽ വോട്ടുചെയ്യാൻ തിരക്ക്. കനത്ത പോളിംഗിൽ മൂന്നു മുന്നണിക്കും പ്രതീക്ഷ.
എൽഡിഎഫ് പ്രത്യേകിച്ചും മറ്റിടങ്ങളിലെവിടെയെങ്കിലും വോട്ടുനിലയിൽ കുറവുണ്ടായാലും അത് വൈക്കം പരിഹരിക്കുമെന്ന വിശ്വാസമാണ് എക്കാലത്തും ഇടത് ക്യാമ്പിനുള്ളത്. വൈക്കം അസംബ്ലി
നിയോജകമണ്ഡലത്തിലെ മിക്ക ബൂത്തുകളിലും രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തി. ഉൾപ്രദേശങ്ങളിലെ ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രം പണിമുടക്കി.പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എൽ.പി.സ്‌ക്കൂളിൽ പോളിംഗ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് വി പാറ്റ് യന്ത്രം കേടായത്. തുടർന്ന് അര മണിക്കൂറോളം പോളിംഗ് തടസ്സപ്പെട്ടു. ഇവിടെ രാവിലെ മുതൽ വോട്ടു ചെയ്യാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നു മണിക്കൂറോളം ക്യൂ നിന്നാണ് സ്ത്രീകളടക്കം വോട്ടു ചെയ്തത്. പുത്തൻപാലം ഗവ ഹൈസ്‌കൂൾ, ഇരുമ്പൂഴിക്കര ഗവ.യുപിഎസ്, വൈക്കം ആശ്രമം സ്‌കൂൾ, തലയോലപ്പറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, മിടായികുന്നം ഗവൺമെന്റ് എൽപി സ്‌കൂൾ, ഇറുമ്പയം സിഎംഎസ് എൽപി സ്‌കൂൾ,എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രം തകരാറിലായി. വൈക്കം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ടിങ് യന്ത്രത്തിൽ മഷിപടർന്നത് തർക്കത്തിന് വഴിയൊരുക്കി. എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവന്റെ പേരിന് നേരെയാണ് മഷി പറ്റിയത്ത്. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ എത്തി മഷി മായ്ച്ചു കളഞ്ഞു.

ആശക്ക് വോട്ട് വെച്ചൂരിൽ

സി.കെ.ആശ എംഎൽഎ വെച്ചൂർ ദേവിവിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ 148–ാം നമ്പർ ബൂത്തിലാണ് വോട്ടു ചെയ്തത്. തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ വൈക്കം ബോയിസ് ഹയർ സെക്കന്ററി സ്‌കൂളിൽ വോട്ട് ചെയ്തു.