കുറവിലങ്ങാട് : കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഷഡാധാര പ്രതിഷ്ഠ മേയ് 1 ന് നടക്കും. ഉച്ചയ്ക്ക് 12.05നും 12.40 നും മദ്ധ്യേ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് എം.എൻ.ഗോപാലൻ തന്ത്രി, മേൽശാന്തി സന്ദീപ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം സ്ഥപതി മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, തച്ചൻ ദേവശേരിൽ ഡി.എസ് സുകുമാരൻ ആചാരി, ശില്പി ബ്രഹ്മമംഗലം കൈലാസൻ, ക്ഷേത്ര നിർമ്മാണ പാരമ്പര്യ അവകാശി ചന്ദ്രൻ ആചാരി എന്നിവർ പങ്കെടുക്കും. ഷഡാധാരത്തിന്റെ ഭാഗമായ നിധികുംഭത്തിൽ ഭക്തജനങ്ങൾക്ക് സ്വർണം, വെള്ളി ,നവരത്നങ്ങൾ, നാണയം എന്നിവ സമർപ്പിക്കാം. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30 ന് പ്രസാദവിതരണം, 9.30 മുതൽ ജിതിൻ ഗോപാലിന്റെ പ്രഭാഷണം, 1.30 ന് അന്നദാനം എന്നിവ നടക്കും. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ഓഫീസ്, കമ്പ്യൂട്ടർവത്കരണം എന്നിവയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരിൽ, സെക്രട്ടറി എൻ.കെ രമണൻ എന്നിവർ നിർവഹിക്കും.