കുറവിലങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് പത്ത് വർഷം തികയുന്നതിന് മുമ്പ് തന്നെ കുറവിലങ്ങാട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ചുമരിലെ കോൺക്രീറ്റ് പൊളിഞ്ഞിളകി തുടങ്ങി. ഇവിടെ പ്രവർത്തിക്കുന്ന മിക്ക ഓഫിസുകളുടെയും സ്ഥിതി ഇതു തന്നെയാണ്. കോടിക്കണക്കിന് രൂപ മുതൽമുടക്കിൽ നിർമ്മിച്ച മിനി സിവിൽ സ്റ്റേഷൻ കെട്ടിടം 2011 ഫെബ്രുവരി 15നാണ് ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് വകുപ്പ്, വില്ലേജ് ഓഫീസ്, എക്‌സെസ് ഓഫീസ്, ഭക്ഷ്യ സുരക്ഷാ ഓഫീസുകൾ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി നിരവധി ഓഫീസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വിവിധ ആവശ്യങ്ങൾക്കായി ഒത്തിരി ആളുകളെത്തുന്ന മിനിസിിവിൽ സ്റ്റേഷനിലെ പല ഭിത്തിയിൽ നിന്നും സിമന്റ് അടർന്നു വീണ് തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും ഭിത്തി വിണ്ടു കീറിയിട്ടുമുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളിന് സമീപത്താണ് കൂടുതൽ അടന്നു വീണിരിക്കുന്നത്. എങ്കിലും കെട്ടിടത്തിന് ബലക്ഷമുണ്ടാകുന്ന തരത്തിലുള്ള വിള്ളലുകളൊന്നും ഇതുവരെ ഇല്ല. ഇതോടൊപ്പം തന്നെ സിവിൽ സ്റ്റേഷന്റെ മുറ്റത്ത് പാകിയിരിക്കുന്ന ടൈലുകളും ഇളകി തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകൾ പൊതുമരാമത്ത് വകുപ്പിലെ കെട്ടിടവിഭാഗത്തിന് നിവേദനം നൽകിയിട്ടുണ്ട്.