vvv

ഓട്ടം തീർന്നു. വോട്ടെല്ലാം മെഷീനിലായി. ഫലമറിയാൻ ഒരു മാസം കാത്തിരിപ്പ്. സ്ഥാനാർത്ഥികൾക്ക് വിശ്രമം,​ ചികിത്സ,​ വായന,​ ക്ഷേത്രദർശനം...

വെടിമരുന്നുപുരയ്‌ക്കു കാവൽ നിൽക്കുന്ന സൈനികന്റെ അവസ്ഥ തന്നെ ഇനി ഒരുമാസക്കാലം സ്ഥാനാർത്ഥികൾക്കും. വോട്ടെല്ലാം യന്ത്രത്തി

ലായിക്കഴിഞ്ഞു. അടുത്ത മാസം 23-ന് ഫലം വരുന്നതുവരെ കണക്കുകൂട്ടിയിരിക്കാമെന്നല്ലാതെ അമിട്ടുകൾ എത്ര നിലയിൽ വിരിയുമെന്ന് ഒരൂഹവുമില്ല. എട്ടു നിലയിൽ വിരിഞ്ഞു വർണപ്രപഞ്ചം തീർത്തേക്കാം. പതിനാറു നിലയിൽ പൊട്ടുകയും ചെയ്യാം. അതുവരെ എന്താ പരിപാടി?

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് ഒരാഴ്ച ധ്യാനം കൂടിയാൽ കൊള്ളാമെന്നുണ്ട്. ശരീരത്തിനും മനസ്സിനും നല്ല വിശ്രമമാകും. പോളിംഗ് ശതമാനം വച്ച് പ്രവർത്തകരുമായുള്ള ചർച്ചയായിരുന്നു ഇന്നലെ. മുന്നണി വോട്ടുകളെല്ലാം കൃത്യമായി വീണിട്ടുണ്ട്; സമാധാനം. ഇനി വിശ്രമവും ധ്യാനവും. മഹാപ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ ടോറസിൽ നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റ ഇടതു സ്ഥാനാർത്ഥി വി.എൻ. വാസവന് ഇനി വേണം അതിനു ചികിത്സ തേടാൻ. അന്നത്തെ വീഴ്‌ചയിൽ നട്ടെല്ലിലെ കശേരുക്കൾ അകന്നിട്ടുണ്ട്. ചെറിയൊരു സർജറി വേണ്ടിവരും. അതു ചെയ്യണം.

മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. മുഖ്യമന്ത്രിയും കോടിയേരിയും നിർബന്ധിച്ചിട്ടാണ് തീരുമാനം മാറ്റിയത്. ഒന്നര മാസത്തോളം വേദന സഹിച്ചു. നടുവിന് ബെൽറ്റിട്ടായിരുന്നു പ്രചാരണം. വേദന കുറയ്‌ക്കാൻ നടുവിന് തൈലവും തേയ്‌ക്കുന്നു. പ്രചാരണകാലത്ത് ശരീരഭാരം പത്തു കിലോ കുറഞ്ഞു. അതിന്റെ സുഖമുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. തോമസ് എന്തായാലും ധ്യാനത്തിനും വിശ്രമിത്തിനുമൊന്നുമില്ല. ഇന്നലെ മണ്ഡലത്തിൽ പരമാവധി സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ട് നന്ദി പറഞ്ഞു. ഇന്നു മുതൽ പതിവു തിരക്കുകൾ.

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് ഫലപ്രഖ്യാപനം വരെ പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. എല്ലാം പതിവുപോലെ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ് അടുത്ത രണ്ടു ദിവസം അൽപ്പം 'ക്രിയാത്മകമായി'ത്തന്നെ വിനിയോഗിക്കും. പ്രചാരണകാലത്തെ പോസ്റ്ററുകളും ബോർഡുകളും രണ്ടുദിവസം കൊണ്ട് നീക്കംചെയ്യാനാണ് പരിപാടി. അതുകഴിഞ്ഞ് പതിവ് അജണ്ടകൾ. എൻ.ഡി.എ സ്ഥാനാർത്ഥി,​ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് ഔദ്യോഗിക തിരക്കുകളുണ്ട്. പരിപാടികളെല്ലാം പെൻഡിംഗിലാണ്. നാളെ തമിഴ്നാട്ടിലെക്കു പോയി രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തും. 30-ന് ഡൽഹിക്ക്.

ചാലക്കുടിയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച നടൻ ഇന്നസെന്റിന് ഇന്നലെ വിശ്രമമായിരുന്നു. ഇന്നു മുതൽ രാഷ്ട്രീയവും സിനിമയും ചേർന്ന എന്നത്തെയും തിരക്കുകൾ. പ്രചാരണത്തിനിടെ ആൻജിയോപ്ളാസ്റ്റി വേണ്ടിവന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന് കുറച്ചു ദിവസത്തെ വിശ്രമം കൂടി കഴി‌ഞ്ഞേ ഓടിനടക്കനാവൂ. എങ്കിലും യു.ഡി.എഫ് കൺവീനർ എന്ന നിലയിലെ ചുമതലകളിൽ നിന്ന് മാറിനിൽക്കാനാവില്ല.

തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരനാണ് ഈ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിച്ച പ്രായം കൂടിയ സ്ഥാനാർത്ഥി. രണ്ടു ദിവസം വിശ്രമിച്ചേ പറ്റൂ. അത് മക്കളുടെ നിർബന്ധം. നെടുമങ്ങാട് എം.എൽ.എ ആയ ദിവാകരൻ ഇന്നലെ എം.എൽ.എ ഹോസ്റ്റലിൽ പോയി സഹപ്രവർത്തകരെ കണ്ടു. പ്രചാരണത്തിനിടെ വായന മുടങ്ങിപ്പോയതാണ് സങ്കടം. അതിലേക്കു മടങ്ങണം. ഒപ്പം മണ്ഡലത്തിൽ സജീവമാവുകയും ചെയ്യും.

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് തലയ്‌ക്കു പരിക്കേറ്റ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ചികിത്സയ്‌ക്കായി ഇന്നലെത്തന്നെ ബാംഗ്ളൂരിലേക്കു പോയി. തിരിച്ചെത്തി, കുറച്ചുദിവസംകൂടി വിശ്രമം വേണ്ടിവരും. ഇതിനിടയിൽ വായനയും പറ്റിയാൽ പുസ്‌തകമെഴുത്തും. മണ്ഡലത്തിലും സംഘടനാ രംഗത്തും സജീവമാകാനാണ് തലസ്ഥാനത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തീരുമാനം.ക്ഷേത്രദർശനം,​ സൗഹൃദം പുതുക്കൽ... അങ്ങനെ അടുത്ത ഒരു മാസം പെട്ടെന്നു പോകും.

ആറ്റിങ്ങലിലെ എൽ.‌ഡി.എഫ് സിറ്റിംഗ് എം.പി സമ്പത്ത് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽത്തന്നെയാകും അടുത്ത ദിവസങ്ങളിൽ.

ചില വിവാഹവീടുകളിൽ പോകാനുണ്ട്. പിന്നെ,​ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വായനയ്‌ക്ക് കുറേ സമയം കണ്ടെത്തണം. ഒരു മാസം നന്നായി വിശ്രമിക്കും. പ്രചാരണം തീർന്നപ്പോഴേക്കും ശരീരം ശരിക്കും ക്ഷീണിച്ചു. ആയുർവേദ ചികിത്സയെക്കുറിച്ചൊന്നും തൽക്കാലം ആലോചനയില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തൽക്കാലം അടൂരിലും ആറ്റിങ്ങലുമായി നിൽക്കും. പ്രചാരണത്തിന്റെ ക്ഷീണമുണ്ടെങ്കിലും ആറ്റിങ്ങലിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനം. സിനിമ ഇഷ്‌ടമാണ്. കുറച്ചെണ്ണം കാണാനുണ്ട്. അതൊക്കെ കാണണം.

ജയിച്ചാലും തോറ്റാലും തിരഞ്ഞെടുപ്പു കഴിഞ്ഞ് മണ്ഡലത്തിൽ നിന്ന് പൊടിയും തട്ടി നാട്ടിലേക്കു വണ്ടിപിടിക്കുന്ന പരിപാടി തനിക്കില്ലെന്ന് ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറയുന്നു. കഴിഞ്ഞ തവണ പാലക്കാട്ടായിരുന്നു മത്സരം. തോറ്റെങ്കിലും നാലു വർഷമായി പാലക്കാട്ടു തന്നെ സ്ഥിരതാമസം. തത്കാലം വോട്ടെണ്ണൽ വരെ ആറ്റിങ്ങൽത്തന്നെ കാണും.

വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ തുഷാർ വെള്ളാപ്പള്ളിയുടെ ജന്മദിനമായിരുന്നു ഇന്നലെ. ഇന്ന് മണ്ഡലത്തിൽ തിരിച്ചെത്തും. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണാനുണ്ട്. പിന്നെ,​ ഫലം വരുന്നതിനു മുമ്പ് കുറേ ക്ഷേത്രങ്ങളിൽപ്പോയി പ്രാർത്ഥിക്കണം. തത്കാലം മറ്റു പരിപാടികളൊന്നുമില്ല.

കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതിയോട് വിശ്രമത്തെക്കുറിച്ച് ചോദിച്ചാൽ മറുപടി ഇങ്ങനെ: വിശ്രമമോ, കൊള്ളാം! ആ പതിവേയില്ല. ഇന്നലെത്തന്നെ ചില പൊതുയോഗങ്ങളും കല്യാണങ്ങളുമുണ്ടായിരുന്നു. കടമ്പേരിയിൽ ഒരു മരണാനന്തര ചടങ്ങിനു പോയി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ പോളിംഗ് കഴിഞ്ഞയുടൻ ആക്‌ഷൻ തുടങ്ങി. മണ്ഡലത്തിലെ കള്ളവോട്ടിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാർട്ടി യൂണിറ്റുകൾക്ക് അദ്ദേഹം നിർദ്ദേശം നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അക്രമങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പോയി കണ്ടു.

പ്രചാരണത്തിന്റെ തിരക്കുകൾക്കിടെ ചില കുടുംബ ചടങ്ങുകളിൽപ്പോലും പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ ഖേദമുണ്ട് കണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ. പദ്മനാഭന്. മൂകാംബികയിലും ഗുരുവായൂരിലും പോകണം. എന്തായാലും കുറച്ചുദിവസം വീട്ടുകാരുടെ കൂടെ കഴിഞ്ഞിട്ടേ ബാക്കി കാര്യങ്ങളിൽ തീരുമാനമുള്ളൂ.

പത്തനംതിട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വീണാ ജോർജ് കുറച്ചു ദിവസം കുടുംബവുമൊത്ത് വിശ്രമിച്ചിട്ടേ വീണ്ടും തിരക്കുകളിലേക്കുള്ളൂ. കുടുംബവീടുകളിലെ പല ചടങ്ങുകളിലും പങ്കെടുക്കാൻ പറ്റിയില്ല. എല്ലായിടത്തും പോകണം. അതു കഴിഞ്ഞ് ആറന്മുള മണ്ഡലത്തിൽത്തന്നെ ഉണ്ടാകും. പ്രചാരണത്തിനിടെ മാറ്റിവയ്‌ക്കേണ്ടിവന്ന ചില പദ്ധതികളുടെ ഉദ്ഘാടനമുണ്ട്. യു.‌ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ഇന്നലെ കുടുംബസമേതം ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയതിരുമേനിയെ കാണാൻ പോയി. പ്രാർത്ഥനയിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെ പാർട്ടി യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കും.

പത്തനംതിട്ടയിൽ വിജയിക്കുമെന്ന കാര്യത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് സംശയമേയില്ല. ഭൂരിപക്ഷത്തിലേ തിട്ടക്കുറവുള്ളൂ. പ്രചാരണകാലത്ത് ഇലന്തൂരിൽ കുടുംബസമേതം താമസമായിരുന്നു. ഇന്ന് എറണാകുളത്ത് പാർട്ടി യോഗമുണ്ട്. അതുകഴിഞ്ഞ് കോഴിക്കോട് ഉളേള്യരിയിലെ വീട്ടിലേക്ക്.

മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വിശ്രമമൊന്നുമില്ല. തിരക്കോടു തിരക്ക്. ഇന്നലെ ഉച്ചവരെ കാരാത്തോട്ടെ വീട്ടിലായിരുന്നു. വൈകിട്ട് പൊന്നാനിയിലെ അവലോകന യോഗത്തിനു പോയി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സാനു അടുത്ത ദിവസം തന്നെ ഡൽഹിക്കു പോകും. ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പോയി നേതാക്കളെ കണ്ടു. പിന്നെ ചങ്ങരംകുളത്തെ വീട്ടിലേക്കു പോയി.

പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ ഇന്ന് തിരുവനന്തപുരത്തെ സി.എച്ച് സെന്ററിലെത്തും. മുസ്ളിം ലീഗിന്റെ ആതുര സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദൗത്യം. ഇന്നലെ വൈകിട്ട് മൂന്നുവരെ വീട്ടിൽത്തന്നെയായിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവർ അടുത്ത ദിവസങ്ങളിൽ എം.എൽ.എ നിലയിൽ സ്വന്തം മണ്ഡലമായ നിലമ്പൂരിൽ സജീവമാകും.

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന് എം.പി എന്ന നിലയിലെ തിരക്കുകളുണ്ട്. കൂടെ എഴുത്തും വായനയും. കുറച്ചു ദിവസം കഴിഞ്ഞ് ഡൽഹിക്കു പോകണം. ശരീരക്ഷീണം മാറ്റാൻ ആയുർവേദ ചികിത്സ ആയാൽക്കൊള്ളാമെന്നുണ്ട്. . പറ്റുമെങ്കിൽ കുടുംബവുമൊത്ത് ഒരു യാത്രയും പോകണം.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ നല്ല ജോലിയുണ്ട്. ഫലപ്രപഖ്യാപനം വരെ കൊല്ലത്തു തന്നെ കാണും. യാത്രയൊന്നും നടപ്പില്ല. എൻ.ഡി.എ സ്ഥാനാർത്ഥിയായ കെ.വി സാബു ഹൈക്കോടതി അഭിഭാഷകനാണ്. ഒരു മാസത്തിലധികമായി കോടതിയിൽ പോയിട്ട്. ഇനി പ്രാക്‌ടീസ് തുടരണം. ഇന്നലെ എറണാകുളം ജില്ലാ കോടതിയിൽ കക്ഷികൾക്കു വേണ്ടി ഹാജരായി. തൃപ്പുണിത്തുറയിൽ ഭാര്യ നടത്തുന്ന മെഡിക്കൽ സ്റ്റോറുണ്ട്. ഇടയ്‌ക്ക് അവിടെയും പോകണം.

കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രനു പ്രശ്‌നം അടുത്ത ഒരു മാസത്തെ കാത്തിരിപ്പാണ്.കാത്തിരിക്കാതെ നിവൃത്തിയില്ലല്ലോ. വായനയുണ്ട്. കുടുംബസമേതം ചില ബന്ധുവീടുകളിൽ പോകണം. സമയം കിട്ടിയാൽ എറണാകുളത്തെ ചില ബന്ധുവീടുകളിലും പോകും. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനോട്,​ എന്നിട്ടെന്താ പരിപാടി എന്നു ചോദിച്ചാൽ നാട്ടിൽപ്പോയാലും ഇവിടെത്തന്നെ കാണുമെന്നാണ് മറുപടി. വോട്ടെടുപ്പു ദിവസം അക്രമത്തിനിരയായ മുന്നണി പ്രവർത്തകരെ അടുത്ത ദിവസങ്ങളിൽ വീടുകളിൽ പോയി കാണും. പത്തു ദിവസം കഴിഞ്ഞ് കൊല്ലം ഇരവിപുരത്തെ വീട്ടിലേക്ക്. തിരിച്ചുവന്ന് ഫലപ്രഖ്യാപനം വരെ മേൽപ്പറമ്പിലെ വീട്ടിലുണ്ടാകും.

എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ രണ്ടുമൂന്നു ദിവസത്തെ വിശ്രമം കഴിഞ്ഞ് മഞ്ചേശ്വരത്തെ പാർട്ടി പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആറു മാസത്തിനകം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് പ്രതീക്ഷ. മ‍ഞ്ചേശ്വരം മണ്ഡലം പ്രഭാരിയാണ് തന്ത്രി. ഇനിയും വിശ്രമമുണ്ടാകുമെന്ന് തോന്നുന്നില്ല. ക്ഷേത്രങ്ങളിലെ താന്ത്രികാചാരങ്ങൾക്കു കാർമികത്വം വഹിക്കുന്നത് തത്കാലം മാറ്റിവയ്‌ക്കുകയേ മാർഗമുള്ളൂ- രവീശ തന്ത്രി പറയുന്നു.