ചങ്ങനാശേരി: ദിനംപ്രതി മുന്നൂറിലേറെ രോഗികൾ എത്തുന്ന കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെള്ളമില്ലാതെ രോഗികളും മറ്റുജീവനക്കാരും വലയുന്നു. ആശുപത്രിയിൽ വിവിധ ആവശ്യങ്ങൾക്കായി 200 ലിറ്റർ വെള്ളമെങ്കിലും വേണ്ടപ്പോഴാണ് ഈ ദുരവസ്ഥ. വേനൽക്കാലത്ത് വെള്ളം വില കൊടുത്താണ് വാങ്ങുന്ന ഇവിടെ ഒ.പി. ടിക്കറ്റുകളിൽനിന്ന് ലഭിക്കുന്ന ചെറിയ തുകയാണ് വരുമാനം. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം വിലകൊടുത്തു വാങ്ങുകയാണ്.
രണ്ടുവർഷം മുമ്പ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാൻ കുഴൽക്കിണർ നിർമ്മിച്ചിരുന്നെങ്കിലും വേനൽ കടുത്തപ്പോൾ ഇതിലെ വെള്ളം വറ്റി. പുതിയ കിണർ നിർമ്മിച്ചെങ്കിലും മോട്ടോറും പ്ലംബിംഗ് ജോലികളും നടത്താത്തതിനാൽ കിണർ ഇതുവരെ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി സ്ഥിതിചെയ്യുന്ന പ്രദേശം ജലക്ഷാമം രൂക്ഷമായ കുന്നിൻപ്രദേശമാണ്. വർഷങ്ങൾക്കുമുമ്പ് ജല അതോറിറ്റി ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാൻ ആശുപത്രി വളപ്പിൽ 50 അടിയിലേറെ ഉയരത്തിൽ സ്ഥാപിച്ച കൂറ്റൻ ജലസംഭരണി ഇപ്പോൾ ഉപേക്ഷിച്ച നിലയിലാണ്. കറുകച്ചാൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ശുദ്ധജലപദ്ധതിയുണ്ടായാൽ ആശുപത്രിയിലേയും സമീപ പ്രദേശത്തെയും ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.