കോട്ടയം : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ നാലു ശതമാനത്തോളം വോട്ട് കോട്ടയത്ത് കൂടിയെങ്കിലും ഇടതുമണ്ഡലങ്ങളിൽ പോളിംഗ് ശതമാനം കൂടുകയും , യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ കുറഞ്ഞതും ചർച്ചയാകുന്നു. വോട്ടിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് നേട്ടമാകുമെന്നാണ് സ്ഥാനാർത്ഥികളും നേതാക്കളും അവകാശപ്പെട്ടത്. ബൂത്ത് ഏജന്റുമാർ പരമാവധി വോട്ടുകൾ പോൾ ചെയ്യിച്ചതിന്റെ കണക്ക് നിരത്തി മൂന്നു സ്ഥാനാർത്ഥികളും ഇന്നലെ ഉന്നത നേതാക്കളുമായി വോട്ടിംഗ് വിലയിരുത്തൽ നടത്തി. കൂട്ടലിനും കുറയ്ക്കലിനും ശേഷം തങ്ങളുടെ സ്ഥാനാർത്ഥി ജയിക്കുമെന്ന കണ്ടെത്തലിലാണ് എല്ലാവരുമെത്തിയത്.
യു.ഡി.എഫ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച കടുത്തുരുത്തിയിലെയും പാലായിലെയും (യഥാക്രമം 70.78 ശതമാനവും, 72.26 ശതമാനവും) കുറഞ്ഞ പോളിംഗ് നേതാക്കളെ ഞെട്ടിച്ചു. പുതുപ്പള്ളിയിൽ 75.15ശതമാനവും, പിറവത്ത് 74.97 ശതമാനവും കോട്ടയത്ത് 76.09 ശതമാനവുമാണ്. ഇടതുമുന്നണി വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിലാണ് ഉയർന്ന പോളിംഗ്. വൈക്കത്ത് 79.47ഉം, ഏറ്റുമാനൂരിൽ 77 ശതമാനവും. യു.ഡിഎഫ് എം.എൽഎമാരുടെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞതും തങ്ങളുടെ എം.എൽഎമാരുടെ മണ്ഡലങ്ങളിൽ കൂടിയതും നേട്ടമായാണ് ഇടതുമുന്നണി വിലയിരുത്തൽ.
യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിലെ കുറവ് കാര്യമാക്കേണ്ടതില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുശക്തി കേന്ദ്രമായ വൈക്കത്ത് പോളിംഗ് ശതമാനം കൂടിയിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിക്കായിരുന്നു ലീഡ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താണ് നടന്നത്. ശബരിമല വിഷയത്തിന്റെ നേട്ടവും യു.ഡി.എഫിനുണ്ടായി. പ്രതീക്ഷിച്ച രീതിയിലാണ് പ്രചാരണം നീങ്ങിയത്. പി.സി.തോമസ് വലിയ തോതിൽ വോട്ടു പിടിക്കില്ല. കണക്കുകൂട്ടലനുസരിച്ച് വലിയ ഭൂരിപക്ഷത്തിന് തോമസ് ചാഴികാടൻ വിജയിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. വൈക്കം, ഏറ്റുമാനൂർ, കോട്ടയം , പിറവം മണ്ഡലങ്ങളിൽ ഇടതുമുന്നണി ലീഡ് പ്രതീക്ഷിക്കുന്നതായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പറഞ്ഞു. പുതുപ്പള്ളി, പാലാ മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ ലീഡ് കുറയ്ക്കും. ചാനൽ സർവേകൾ ജനം പുച്ഛിച്ചു തള്ളും. കാൽലക്ഷത്തോളം വോട്ടിന് വാസവൻ ജയിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ആയിരത്തോളം വോട്ടുകൾക്കെങ്കിലും അട്ടിമറി ജയം നേടുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസും, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയും അവകാശപ്പെട്ടു.