ksrtc
KSRTC

കോട്ടയം : സ്വകാര്യ ബസായ കല്ലടയ്‌ക്കെതിരായ പരാതിക്കു പിന്നാലെ യാത്രക്കാരെ അസഭ്യം പറയുന്നതും കൈയേറ്റം ചെയ്യുന്നതുമായ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഏറ്റുമാനൂ‌രിൽ നിന്നു അങ്കമാലിക്ക് പോയ എ.ടി.കെ 82 -ാം നമ്പർ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്കാണ് ഡ്രൈവ‌റിൽ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

കണ്ടക്ടർ ബെല്ലടിച്ചിട്ടും യാത്രക്കാരനെ സ്റ്റോപ്പിൽ ഇറക്കാത്തതിനെ ചിലർ ചോദ്യം ചെയ്തതാണ് ഡ്രൈവറെ ക്ഷുഭിതനാക്കിയത്. 'എവിടെ നിറുത്തണമെന്ന് നീയാണോടാ തീരുമാനിക്കുന്നത്" എന്ന് ചോദിച്ചായിരുന്നു ഡ്രൈവറുടെ അസഭ്യവർഷം. തുടർന്ന് സ്റ്റോപ്പിൽ നിന്നു മാറ്റി ബസ് നിറുത്തിയ ഡ്രൈവർ, ഓട്ടോമാറ്റിക്ക് ഡോർ തുറക്കാൻ തയ്യാറാകാതെ അസഭ്യവർഷം തുടർന്നു.

സ്റ്റാൻഡിന് മുന്നിൽ ബസ് എത്തിയപ്പോൾ ഡ്രൈവറുടെ ചിത്രം യുവാക്കളിൽ ഒരാൾ പകർത്തി. ഇതിൽ പ്രകോപിതനായ ഡ്രൈവർ ബസിൽ നിന്ന് ചാടിയിറങ്ങി യുവാവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച കണ്ടക്ടറെ തള്ളിമാറ്റി യുവാവിനെ ആക്രമിക്കാനും ശ്രമമുണ്ടായി. താൻ എം.പാനലുകാരനാണെന്നും, തന്നെ ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ഭീഷണി. കൂടുതലാളുകൾ ഇടപെട്ടതോടെ യുവാവിനെ അസഭ്യം പറഞ്ഞ് ഇയാൾ ബസിലേക്ക് മടങ്ങി.