kevin-murder
KEVIN MURDER

കോട്ടയം : കെവിൻ വധക്കേസിന്റെ വിചാരണ തുടങ്ങിയ ഇന്നലെ കോടതിയിൽ നാടകീയ രംഗങ്ങൾ സ‌ൃഷ്‌ടിച്ചുകൊണ്ട്, രൂപം മാറി എത്തിയ പ്രതികളിൽ അഞ്ച് പേരെ ഒന്നാം സാക്ഷിക്ക് തിരിറിയാൻ കഴിഞ്ഞില്ല.

ഒന്നാം സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്‌താരമാണ് ഇന്നലെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നത്. അനീഷിന്റെ മാങ്ങാനത്തെ വീട്ടിൽ നിന്നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയ‌ത്.

പതിന്നാല് പ്രതികളെയാണ് ഹാജരാക്കിയത്.അഭിഭാഷകരുടെ നിർദ്ദേശ പ്രകാരം ഒരേ വേഷം ധരിച്ച് മുടിയും താടിയും വെട്ടിയൊതുക്കി രൂപമാറ്റം വരുത്തിയാണ് പ്രതികൾ എത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോയെ തിരിച്ചറിഞ്ഞ അനീഷിന്, പിതാവും അഞ്ചാം പ്രതിയുമായ ചാക്കോയെ തിരിച്ചറിയാനായില്ല.

എന്നാൽ ഇത് കേസിനെ ബാധിക്കില്ലെന്നും പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ പറഞ്ഞു. കൊലക്കുറ്റം അടക്കം പത്തു വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുരഭിമാന കൊലപാതകത്തിന്റെ പരിധിയിൽപ്പെടുത്തിയുള്ള വിചാരണ ജൂൺ ആറു വരെ തുടർ‌ച്ചയായി നടക്കും.

അകമ്പടി ഗുണ്ടാ സംഘം

ഗുണ്ടാസംഘത്തിന്റെ അകമ്പടിയോടെയാണ് പ്രതികൾ കോടതിയിൽ എത്തിയത്. ചിത്രം പകർത്താനെത്തിയ മാദ്ധ്യമ പ്രവ‌ർത്തകർക്ക് നേരെ ആക്രോശിച്ച സംഘം ഭീഷണിപ്പെടുത്തുകയും ചെയ്‌തു.