കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വീണ്ടും കലാപക്കൊടി ഉയരുന്നതായി സൂചന. ലോക്സഭാ സീറ്റ് പ്രശ്നത്തിൽ ഇടഞ്ഞുനിന്ന ജോസഫ് വിഭാഗം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അനുരഞ്ജനത്തിലായത്. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞതോടെ വീണ്ടും പ്രശ്നങ്ങൾ തലയുയർത്തി തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണത്രേ കാരണം. കോട്ടയം മണ്ഡലത്തിലെ പലയിടത്തും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് ജോസഫ് വിഭാഗം കൂട്ടത്തോടെ മാറി നിന്നത് മാണി ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ആ അസംതൃപ്തി പാർട്ടിക്കുള്ളിൽ വലുതാവുകയാണെന്നാണ് സൂചന. ഫല പ്രഖ്യാപനത്തിനുശേഷം പാർട്ടിയിൽ ഇത് പൊട്ടിത്തെറിക്ക് കാരണമാവുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇതെല്ലാമുണ്ടെങ്കിലും കോട്ടയം സീറ്റിൽ ജയിക്കാനാവുമെന്നാണ് മാണി ഗ്രൂപ്പ് പ്രതീക്ഷ. എങ്കിലും വരുംദിവസങ്ങളിൽ ജോസഫ് ഗ്രൂപ്പിന്റെ നിലപാട് പാർട്ടിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
വർക്കിംഗ് ചെയർമാൻ കൂടിയായ പി.ജെ. ജോസഫ് സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയായ തോമസ് ചാഴികാടന്റെ പ്രചാരണത്തിന് കാര്യമായി ഇറങ്ങാത്തതാണ് പാർട്ടിക്കുള്ളിലെ അസംതൃപ്തിക്ക് കാരണമായത്. അതേസമയം, പി.ജെ.ജോസഫ് ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനായി ആഹോരാത്രം യത്നിക്കുകയും ചെയ്തുവത്രേ. ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന യോഗത്തിന് എത്തിയ ജോസഫ് പിന്നെ കോട്ടയത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആക്ഷേപമാണ് മാണിഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്നത്. അന്ന് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും വാനോളം പുകഴ്ത്തിയ ജോസഫ് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടന്റെ പേര് പരാമർശിക്കാതെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ജോസഫ് വിഭാഗം കാലുവാരിയോ എന്ന സംശയം പാർട്ടിക്കുള്ളിൽ ഇതിനകം ശക്തമായിട്ടുണ്ട്. അതേക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുമെന്നും സൂചനയുണ്ട്.
കൂടാതെ ജോസഫ് ഗ്രൂപ്പിന്റെ വക്താവായ മോൻസ് ജോസഫിന്റെ മണ്ഡലമായ കടുത്തുരുത്തിയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതും ഗൗരവത്തോടെയാണ് മാണിഗ്രൂപ്പ് നേതാക്കൾ കാണുന്നത്. ഇതും പരിശോധിക്കുമെന്നാണ് അറിയുന്നത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗാണ് കടുത്തുരുത്തിയിൽ രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിന്റെ മണ്ഡലമായ വൈക്കത്ത് 79.47 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ തൊട്ടടുത്ത മണ്ഡലമായ കടുത്തുരുത്തിയിൽ 70.78 ആണ് വോട്ടിംഗ് ശതമാനം.
കെ.എം. മാണിയുടെ വേർപാടിനെ തുടർന്ന് പാർട്ടി ചെയർമാൻ സ്ഥാനത്തേക്കും നേതാക്കൾക്കിടയിൽ വടംവലി നടന്നേക്കാം. അവകാശവാദവുമായി ജോസഫ് വിഭാഗം രംഗത്തെത്തുമോ എന്നും കണ്ടറിയണം. അങ്ങനെ വന്നാൽ, വിട്ടുകൊടുക്കാൻ മാണി ഗ്രൂപ്പ് നേതാക്കൾ തയാറാകില്ല. ഇതോടൊപ്പം മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുക്കേണ്ടിവരും. നിലവിലെ പാർട്ടി എം.എൽ.എമാർ ആർക്കൊപ്പം നിൽക്കുമെന്നതും നിർണായകമാണ്.