കോട്ടയം: വേനൽ മഴപെയ്തെങ്കിലും കോട്ടയത്തിന്റെ ദാഹം മാറാൻ ഇതൊന്നും പോര. മഴപെയ്തിട്ടും മണിമല, മീനച്ചിലാറുകളിൽ ജനനിരപ്പ് ഉയർന്നിട്ടില്ല. ആകെ വെള്ളമുള്ളത് കയങ്ങളിൽ മാത്രം. കുഴൽ കിണറുകളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. മൂന്ന് ദിവസമായി വേനൽമഴ ഉണ്ടെങ്കിലും ശക്തി കുറവായതിനാൽ ജലാശയങ്ങളിൽ നീരൊഴുക്കായിട്ടില്ല.
ഭൂഗർഭ ജല വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം മലയോരമേഖലയിൽ കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് രണ്ട് മീറ്റർ ജലനിരപ്പ് താഴ്ന്നു. ഇതിൽ മുണ്ടക്കയത്ത് 1.22 മീറ്റർ താഴ്ന്നു. കിഴക്കൻ പടിഞ്ഞാറൻ മേഖലകളിലെ ഉപയോഗിക്കാത്ത കുഴൽക്കിണറുകൾ, കിണറുകൾ എന്നിവയിലെ അളവു പരിശോധിച്ചാണ് വെള്ളത്തിന്റെ നിലനിരപ്പ് കണക്ക് തയാറാക്കുന്നത്. പാറകൾ ഏറെയുള്ള പ്രദേശത്ത് ഉയർന്ന താപനിലയിൽ ഭൂഗർഭജലം വേഗത്തിൽ വറ്റിപോകാറില്ലെങ്കിലും വെള്ളം കുറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നു. പടിഞ്ഞാറൻ മേഖലകളിൽ ശുദ്ധജലത്തിനാണ് ക്ഷാമം. കനത്ത ചൂട് ആഗോളതാപനം എന്നിവയാണ് വെള്ളം കുറയാൻ പ്രധാനകാരണം.
ലഭിച്ചത് ഏറ്റവും കുറവ് മഴ
അഞ്ചു വർഷത്തിനിടെ ജില്ലയിൽ ഈ വർഷം ലഭിച്ചത് ഏറ്റവും കുറവ് മഴയാണ്. ഏപ്രിൽ പകുതിയോടെ വേനൽ മഴ ശക്തമാവുകയാണ് പതിവ്. എന്നാൽ ജില്ലയിൽ മഴ പെയ്തെങ്കിലും അളവിൽ വൻ കുറവുണ്ടായി. മുൻ വർഷങ്ങളിലെ പകുതി പോലും പെയ്തിട്ടില്ല. അഞ്ച് വർഷത്തിനിടെ ഏപ്രിൽ 25 വരെ ശരാശരി 25 സെന്റീ മിറ്ററിന് മുകളിൽ മഴ പെയ്തിട്ടുണ്ടെങ്കിൽ ഈ വർഷം ഇതുവരെ വെറും 9.3 മാത്രമാണ്.
മഴക്കണക്ക് (ഏപ്രിൽ 25വരെ)
2014- 16.3 സെ.മി
2015-38.8 സെ.മി
2016-21 സെ.മി
2017-19.18 സെ.മി
2018- 25.3 സെ.മി
2019- 9.3 സെ.മി