waiste

കുറവിലങ്ങാട് : നാറിയിട്ട് വയ്യേ ! മൂക്കിലേക്ക് തുളച്ചുകയറുകയാണ്. കുറവിലങ്ങാട് ചന്തപരിസരത്തിലൂടെ ഒന്ന് നടന്നുപോയിട്ടുള്ളവർ പിന്നീട് ഇതുവഴി വരില്ല. പച്ചക്കറി, ഉണക്കമീൻ ചന്തയുടെ മുൻഭാഗത്താണ് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്. സമീപത്തെ പച്ചക്കറി കടകളിൽ നിന്നും മത്സ്യമാംസ വ്യാപാര ശാലകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് കൂടുതൽ. ശക്തമായ മഴയിൽ മാലിന്യം ചീഞ്ഞളിഞ്ഞ് പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്. ഇതിന് സമീപത്തായാണ് നൂറുകണക്കിനാളുകൾ ബസ് കാത്തുനിൽക്കുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ബസുകൾ ഇറങ്ങിപ്പോകുന്നതും ഇതിനരികിലൂടെയാണ്. രൂക്ഷമായ ഗന്ധം കാരണം പലരും ഷട്ടർ താഴ്ത്തിയിട്ടാണ് യാത്ര ചെയ്യുന്നത്. മലിനജലം ഒലിച്ചിറങ്ങുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. മാലിന്യനിക്ഷേപത്തിന് സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതിനും ഇതോടെ പരിഹാരമാകും.