trafic

കുറുപ്പന്തറ: കുറുപ്പന്തറക്കവലയിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കുറവിലങ്ങാട്, വൈക്കം, കല്ലറ, കോട്ടയം ഭാഗത്തും നിന്നും ഉള്ള ബസുകളും ഭാരവാഹനങ്ങളും ഉൾപ്പെടെ മണിക്കൂറിൽ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതുമൂലം വാഹനങ്ങളുടെ സഞ്ചാരം തോന്നുംപടിയാണ്. സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽ പ്രവർത്തിക്കാത്തത് മൂലം ഏറെ വലയുന്നത് വാഹനയാത്രക്കാരാണ്.

നാലുംകൂടിയ കവലയായതിനാൽ ചെറിയരീതിയിലെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് നിത്യസംഭവവുമാണ്. കല്ലറ, ആയാംകുടി ഭാഗത്തു നിന്നും എത്തുന്ന സ്വകാര്യ ബസുകൾ യു.ടേൺ എടുത്ത് എം.സി റോഡിലേക്ക് കയറുന്നത് ഇവിടെ വച്ചാണ്. ഇതും കവലയിൽ ഗതാഗതക്കുരുക്കിന് കാരണമാണ്.

ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാത്തതു മൂലം വാഹനയാത്രക്കാരൊടൊപ്പം ഒരുപോലെ ബുദ്ധിമുട്ടുന്നവരാണ് ഹോം ഗാർഡുകളും ട്രാഫിക് പോലീസുകാരും. ഇടയ്ക്കൊരൽപം തണലത്തേക്ക് മാറിയാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനാൽ കനത്ത വേനൽച്ചൂടിലും മണിക്കൂറുകളോളം ഗതാഗതനിയന്ത്രണം ഇവർക്ക് നടത്തേണ്ടി വരുന്നു.