കോട്ടയം: കോട്ടയത്തിന്റെ തിരിച്ചറിയൽ രേഖയായിരുന്ന നാഗമ്പടം റെയിൽവേ മേൽപ്പാലം നാളെ പൊളിക്കും. എം.സി റോഡിന്റെ ഇരുകരകളെയും കൂട്ടിമുട്ടിക്കാൻ പുതിയ പാലമെത്തിയതോടെയാണ്, നാഗമ്പടത്തെ പഴയ പാലം ചരിത്രത്തിലേയ്‌ക്ക് വഴിമാറുന്നത്. ആറു പതിറ്രാണ്ടിന്റെ പാരമ്പര്യത്തിൽ തല ഉയർത്തി നിന്ന മേൽപ്പാലമാണ് മൂന്നു വർഷം മുൻപ് പാത ഇരട്ടിപ്പിക്കലിനായി വഴിമാറാനൊരുങ്ങിയത്. ആറു മാസം മുൻപ് പഴയ പാലത്തിന്റെ സ്ഥാനത്ത് വലിപ്പത്തിലും, സൗന്ദര്യത്തിലും പുതിയവനായ പാലം എത്തിയതോടെ പഴയ പാലത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു.

നാളെ രാവിലെ മുതൽ പാലം പൊളിക്കുന്ന ജോലികൾ ആരംഭിക്കും. നേരത്തെ മാർച്ചിൽ തന്നെ പാലം പൊളിച്ചു നീക്കാൻ റെയിൽവേ എൻജിനീയർമാർ തീരുമാനിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് എത്തിയതോടെ പാലം പൊളിക്കുന്ന ജോലികൾ വൈകുകയായിരുന്നു. പാലം പൊളിക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസമാണ് റെയിൽവേ വകുപ്പ് മേധാവികൾക്ക് കത്തു നൽകിയത്. തുടർന്ന് ഗതാഗത നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ റെയിൽവേയും ജില്ലാ പൊലീസും തീരുമാനം എടുക്കുകയായിരുന്നു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഒൻപത് മണിക്കൂ‌ർ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. എം.സി റോഡിൽ പാലം പൊളിക്കുന്ന ഒരു മണിക്കൂർ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുക. രാവിലെ 9.30ന് പാലത്തിന്റെ ഭാഗത്തെ വൈദ്യുതി ലൈൻ അഴിച്ചു മാറ്റും. ഒന്നര മണിക്കൂറോളം എടുത്താവും ഈ ജോലികൾ പൂർത്തിയാക്കുക. അഴിക്കുന്ന ലൈനുകൾ പാളത്തിൽ ഇടും. തുടർന്ന് റെയിൽവേ ട്രാക്കും, ലൈനുകളും പാലത്തിന്റെ അവശിഷ്‌ടങ്ങൾ വീണ് കേടുപാടുകൾ പറ്റാതിരിക്കാൻ മൂടിയിടും. പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലുള്ള സമയത്താവും പാലം പൊളിക്കുന്ന ജോലികൾ നടക്കുക. തുടർന്നു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു സുരക്ഷാ വിഭാഗം അധികൃതർ പാളത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയശേഷമേ ഗതാഗതം പുനരാരംഭിക്കൂ. വൈകിട്ട് 6.30ന് ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.