കോട്ടയം: കെവിൻ വധക്കേസിൽ പിതാവ് ചാക്കോയ്‌ക്കും സഹോദരൻ ഷാനു ചാക്കോയ്‌ക്കുമെതിരെ സാക്ഷിപറയാൻ കെവിന്റെ പ്രതിശ്രുത വധുവായിരുന്ന നീനു ചാക്കോ ഇന്ന് കോടതിയിലെത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി സി.ജയചന്ദ്രൻ മുമ്പാകെയാണ് വിസ്‌തരിക്കുക. കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്‌താരമാണ് നടന്നത്. ആദ്യ ദിവസം പ്രോസിക്യൂഷൻ നൽകിയ ചോദ്യങ്ങൾക്ക് അനീഷ് നൽകിയ മറുപടികൾ ഇന്നലെ പ്രതിഭാഗം ചോദ്യം ചെയ്‌തു. പ്രോസിക്യൂഷനു നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങൾ ആദ്യം പൊലീസിനു നൽകിയ മൊഴിയിലില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിഭാഗത്തിന്റെ ക്രോസ്
വിസ്‌താരം ഇന്നലെ പൂർത്തിയായി. ഇന്ന് നീനുവിനെ കൂടാതെ, കെവിന്റെ പിതാവ് രാജൻ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്‌തരിക്കും. ഇന്നലെയും പ്രതികളെല്ലാം ഒരേ രീതിയിലുള്ള വസ്‌ത്രം ധരിച്ചാണ് കോടതിയിൽ എത്തിയത്. ക്ഷുഭിതരായ പ്രതികൾ മാദ്ധ്യമപ്രവർത്തകരെ അസഭ്യം പറയുകയും ചെയ്‌തു.