malinyam

തലയോലപ്പറമ്പ്: ഇരുട്ടിന്റെ മറവിൽ ചന്തത്തോട്-അടിയം റോഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നതായി പരാതി. വീടുകൾ , വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നടക്കം പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിതകർമ്മ സേനാഗങ്ങളെ മാലിന്യ ശേഖരണത്തിന് നിയോഗിച്ചെങ്കിലും റോഡരികിലും, തോട്, പുഴ എന്നിവിടങ്ങളിലും മാലിന്യങ്ങൾ തള്ളുന്നതിന് യാതൊരു കുറവുമില്ല. നാട്ടുകാരും വ്യാപാരികളും ജൈവമാലിന്യങ്ങൾ പഞ്ചായത്തിന്റെ ജല സ്രോതസ്സുകളിലും ഉൾപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിച്ച് നിക്ഷേപിക്കുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. തലയോലപ്പറമ്പ്, ചന്തപ്പാലം, അടിയം, പാലാംകടവ്, വടയാർ പുഴയോരം, പുത്തൻതോട്, കുറുന്തറപ്പുഴ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച മാലിന്യങ്ങൾ കുന്നുകൂട്ടി കിടക്കുകയാണ്. ഈ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ മൂക്ക് പൊത്തിയാണ് കാൽനടയാത്രക്കാർ ഉൾപ്പടെയുള്ളവർ ഇതുവഴി കടന്നുപോകുന്നത്. വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. പുഴകളിലെ മാലിന്യ നിക്ഷേപം മൂലം കുളിക്കുന്നതിനും അലക്കുന്നതിനും പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് സമീപ വാസികൾ പറയുന്നു.