kalamela

ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിലെ വനിതാസംഘത്തിന്റെയും യൂത്ത്മൂവ്‌മെന്റെിന്റെയും സംയുക്താഭിമുഖ്യത്തിൽ 'സമന്വയം 2019' കലാമേള ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഇന്ന് സമാപിക്കും. സ്വാതി തിരുനാൾ സംഗീത കലാക്ഷേത്രത്തിലെ ഡാൻസ് വകുപ്പ് മേധാവിയായിരുന്ന ലേഖാ തങ്കച്ചി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അജിത്ത് മോഹൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ സരേഷ് പരമേശ്വരൻ, എ. രാജനീഷ്, എം പ്രഭാഷ്, കെ. രാധാകൃഷ്ണൻ, കെ. വി. ശിവാനന്ദൻ, എം. വി ബിജു എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ സ്വാഗതവും ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ നന്ദിയും പറഞ്ഞു. വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം, ബാലജനയോഗം, സൈബർസേന, വൈദിക സമിതി, കോ-ഓർഡിനേറ്റേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് കലാമേള നടന്നത്. യൂണിയനു കീഴിലുള്ള 56 ശാഖകളിലേയും കലാ കായിക പ്രതിഭകളാണ് മേളയിൽ മാറ്റുരക്കാൻ എത്തിയത്. 300 ഓളം കുട്ടികളും രക്ഷകർത്താക്കളും ഒന്നാം ദിവസത്തെ പരിപാടിയിൽ പങ്കെടുത്തു.

കലാമേളയുടെ ഒന്നാം ദിനമായ ഇന്നലെ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണം, കവിതാപാരായണം, ലളിതഗാനം,ശാസ്ത്രീയസംഗീതം, നാടൻപാട്ട്, പ്രസംഗം, വ്യാഖ്യാനം, ആലാപനം, മോണോആക്ട്, മിമിക്രി എന്നി കലാപരിപാടികളാണ് അരങ്ങേറിയത്. ഒന്നു മുതൽ നാലുവരെയുള്ള വിഭാഗം സബ്ജൂനിയർ വിഭാഗം, അഞ്ച് മുതൽ ഏഴു വരെയുള്ളവർ ജൂനിയർ വിഭാഗം, എട്ട് മുതൽ പന്ത്രണ്ട് വരെ സീനിയർ വിഭാഗം, കോളേജ് വിഭാഗം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. ഇതിൽ കവിതാപാരായണ ഇനത്തിലാണ് മത്സരാർത്ഥികൾ ഏറെയുണ്ടായിരുന്നത്. ഓരോ വിഭാഗം മത്സരഇനങ്ങൾക്കും അഞ്ച് മിനിറ്റ് ദൈർഘ്യമാണ് നിശ്ചയിച്ചിരുന്നത്. രണ്ടു സ്റ്റേജുകളിലായി നടന്ന മത്സരത്തിൽ ആറ് വിധികർത്താക്കളാണ് ഉണ്ടായിരുന്നു. വെള്ളാവൂർ ഗോപാലൻ, രമ്യാ ധനേഷ്, രാജേഷ് മുക്കൂട്ടുതറ, രാജശ്രീ പ്രണവം, എൻ.നടേശൻ, കെ.എൻ. രവീന്ദ്രനാഥ് എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സര ഇനങ്ങളുടെ ഫലപ്രഖ്യാപനവും നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ എറികാട് നടക്കുന്ന വിജ്ഞാനോത്സവത്തിൽ വിതരണം ചെയ്യും. രണ്ടാംദിനമായ ഇന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നൃത്താവിഷ്‌കാരം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസ് എന്നിവ നടക്കും.