amblc

ചങ്ങനാശേരി: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ആംബുലൻസ് സേവനം ലഭിക്കാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് ആംബുലൻസുകൾ ഉള്ള ആശുപത്രിയിൽ ഒരെണ്ണം വർക്ക്ഷോപ്പിലും അടുത്തത് നാട്ടകത്ത് സിമന്റ് ജംഗ്ഷനിൽ വച്ചുണ്ടായ അപകടത്തിൽ വർക്ക്ഷോപ്പിലുമായതാണ് രോഗികളെ സാരമായി ബാധിക്കുന്നത്.
സർവീസ് നടത്തിയിരുന്ന ആബുലൻസുകൾ കാലഹരണപ്പെട്ട ടയറുകൾ ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. നിരവധി രോഗികൾ ഒ.പി വിഭാഗത്തിലും ഇരുനൂറിന് മേൽ കിടപ്പുരോഗികളും ഉള്ള ആശുപത്രിയിൽ ആബുലൻസിന്റെ സേവനം എപ്പോഴും ആവശ്യമായി വരുമ്പോഴാണ് ഈ ദുരവസ്ഥ. നിലവിൽ ആംബുലൻസ് ഇല്ലാത്ത അവസ്ഥയാണ് ജനറൽ ആശുപത്രിയിൽ. ഉണ്ടായിരുന്ന ആംബുലൻസിൽ ഒന്നിന് 20 വർഷവും രണ്ടാമത്തേതിനു 7 വർഷവും കാലപഴക്കമുണ്ട്. ആംബുലൻസ് സേവനം നിലച്ചിട്ട് ഒരാഴ്ചയായിട്ടും അധികൃതർ വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നാണ് രോഗികളുടെ പരാതി. സാധാരണക്കാരായ രോഗികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആബുലൻസിന്റെ സേവനം ഉറപ്പാക്കണമെന്നാണ് രോഗികളുടെ ആവശ്യം.