മരങ്ങാട്ടുപിള്ളി : ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനുള്ളിൽ ഭീതിയോടെയാണ് ഇവർ ജോലി ചെയ്യുന്നത്. മഴ കനക്കുമ്പോൾ ഉള്ളിൽ ആധിയേറും. വർഷങ്ങൾ കഴിഞ്ഞിട്ടും ഇലയ്ക്കാട് വില്ലേജ് ഓഫീസിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമില്ലെന്ന് മാത്രമല്ല ദിനംപ്രതി സ്ഥിതി രൂക്ഷമാകുകയാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കും. ഭിത്തികൾ വിണ്ടുകീറിയ നിലയിലാണ്. കെട്ടിടത്തിൽ ചെടികൾ വളർന്ന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. ഫയലുകൾ അടക്കം നനയാതെ സൂക്ഷിക്കാൻ ജീവിനക്കാർ ബുദ്ധിമുട്ടുകയാണ്.
കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിച്ചു തുടങ്ങിയതോടെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് വില്ലേജ് ഒാഫീസ് കെട്ടിടം നിലവിൽ പ്രവർത്തിക്കുന്നത്. വാതിലുകളും ജനലുകളും തകർന്നു തുടങ്ങിയിട്ടുണ്ട്. ദിനംപ്രതി വിവധ സേവനങ്ങൾക്കായി നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കെട്ടിടത്തിന് 25 വർഷത്തിലേറെ പഴക്കം
കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിക്കുന്നു
ഭിത്തികൾ വിണ്ടുകീറിയ നിലയിൽ
ഫയലുകൾ സൂക്ഷിക്കാൻ സുരക്ഷിതഇടമില്ല