kevin

കോട്ടയം: കെവിൻവധക്കേസിൽ നിർണായക മൊഴി നൽകിയ സാക്ഷിയെ കഴുത്തറുത്ത് കൊല്ലുമെന്ന് കോടതിയിൽ വച്ച് ആംഗ്യത്തിലൂടെ ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരെ കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു.

26 -ാം സാക്ഷി ലിജോയെയാണ് എട്ടാം പ്രതി നിഷാദ് ഭീഷണിപ്പെടുത്തിയത്. ലിജോയുടെ വിസ്താരമാണ് ഇന്നലെ ആദ്യം നടന്നത്. കെവിൻ കൊല്ലപ്പെട്ട് രണ്ട് മണിക്കൂറിനുശേഷം 'അവൻ തീർന്നു'വെന്ന് ഒന്നാം പ്രതി ഷാനു തന്നെ ഫോണിൽ വിളിച്ച് പറയുകയും 'അവൻ ചത്തു' എന്ന് വാട്സാപ്പ് സന്ദേശം അയയ്ക്കുകയും ചെയ്തുവെന്ന് ലിജോ പറഞ്ഞു. നീനു കെവിനൊപ്പം പോവുകയാണെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എഴുതി വച്ചിരുന്നു. കെവിനുമായുള്ള ബന്ധത്തെ എതിർത്ത സഹോദരൻ ഷാനുവിന് കെവിന്റെ ചിത്രങ്ങൾ താനാണ് വാട്ട്‌സാപ്പിൽ അയച്ചുകൊടുത്തത്. കെവിൻ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്ത് എത്തിയത് തനിക്കൊപ്പമാണെന്നും ലിജോ വെളിപ്പെടുത്തി. വാട്സാപ്പ് സന്ദേശം പൊലീസ് ഹാജരാക്കി.

നേരത്തെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി ലിജോ പാലാ മജിസ്‌ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു.

പ്രതിക്കൂട്ടിൽ നിന്ന നിഷാദിനെ തിരിച്ചറിയുന്ന ഘട്ടത്തിലാണ് ലിജോയ്‌ക്കു നേരെ ഭീഷണി ഉണ്ടായത്. കഴുത്തിൽ കൈവച്ച്, കഴുത്തറുക്കുമെന്ന ആംഗ്യം നിഷാദ് കാണിച്ചു. ലിജോ ഇത് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സി.ജയചന്ദ്രനെ അറിയിച്ചു. കോടതിയിലും പുറത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോടതി താക്കീത് നൽകി. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും നടപടികളുമായി മുന്നോട്ടു പോകാനും പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷാദിനെതിരെ പൊലീസ് കേസെടുത്തത്.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച വാഹനം പ്രധാന സാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അനീഷിന്റെ വിസ്‌താരം പൂർത്തിയായി. മുഖ്യപ്രതി ഷാനു, എട്ടാം പ്രതി നിഷാദ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു.