തലയോലപ്പറമ്പ്: ശക്തമായ ചുഴലിക്കാറ്റിൽ വേമ്പനാട്ടു കായലിൽ വഞ്ചിമറിഞ്ഞ് കക്കാവാരൽ തൊഴിലാളിയായ ചെമ്മനാകരി പുത്തൻതറ (പനത്തറ)യിൽ സത്യൻ മുങ്ങി മരിച്ചതോടെ ഇല്ലാതായത് ഒരു നിർദ്ധന കുടുംബത്തിന്റെ താങ്ങും തണലും. രോഗിയായ ഭാര്യ ഉഷ രോഗിയായി വീട്ടുജോലി പോലും ചെയ്യാനാവാത്ത അവശനിലയിലായതിനാൽ സത്യൻ കഠിനാദ്ധ്വാനം ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കക്ക പുഴുങ്ങി ലഭിക്കുന്ന ഇറച്ചി വിറ്റ് ദൈനംദിന കാര്യങ്ങൾ കഷ്ടിച്ചു നടത്തി വരികയായിരുന്നു സത്യൻ. മൂത്തമകൾ അനുലക്ഷ്മി കുറവിലങ്ങാട് ദേവമാതാ കോളേജിൽ രണ്ടാം വർഷ ബിരുദത്തിനും ഇളയവൾ അനുശ്രീ വൈക്കം കോൺവെന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്. സർക്കാർ ധനസഹായത്താൽ നിർമ്മിച്ച വീടിന്റെ പണി ഇനിയും പൂർത്തിയാക്കാനായിട്ടില്ല. ഭാര്യയ്ക്ക് മരുന്നു വാങ്ങാനും മക്കളുടെ പഠനം നന്നായി നടത്താനും ശാരീരിക ക്ഷീണം മറന്ന് സത്യൻ പണിക്കുപോയിരുന്നതിനാൽ അസൗകര്യങ്ങൾക്ക് നടുവിലും നിർദ്ധന കുടുംബത്തിൽ പട്ടിണി ഉണ്ടായിരുന്നില്ല. കക്കാവാരുന്നതിനിടയിൽ പൊടുന്നനെ ചുറ്റിയടിച്ചെത്തിയ ചുഴലിക്കാറ്റിൽ വള്ളം മുങ്ങി കുടുംബനാഥൻ മുങ്ങി മരിച്ചതോടെ സത്യന്റെ കുടുംബവും നിലയില്ലാ കയത്തിലേയ്ക്ക് ആണ്ടു പോകുകയായിരുന്നു.