ചങ്ങനാശേരി: നഗരസഭാ പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇറച്ചി സ്റ്റാളുകൾ പൂട്ടുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് നഗരസഭാ കൗൺസിൽ യോഗത്തെ മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപറമ്പിൽ അറിയിച്ചു. നഗരസഭ ലേലം ചെയ്തു നൽകിയ ഇറച്ചി സ്റ്റാളുകളിൽ പലതും ലൈസൻസ് പുതുക്കുന്നതിനോ ഫീസടക്കുന്നതിനോ തയ്യാറാകുന്നില്ലന്ന ആക്ഷേപം കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് തീരുമാനം. ലൈസൻസ് ഫീസ് അടപ്പിക്കാൻ ഇറച്ചി സ്റ്റാൾ ഉടമകളുടെ പിന്നാലെ പോകേണ്ട ഗതികേടിലാണന്നും ഇത്തരം സമീപനം തുടരാൻ ലൈസൻസ് ഉടമകളെ അനുവദിക്കരുതെന്നും കൗൺസിലംഗങ്ങൾ ആവശ്യപ്പെട്ടു. ചില സ്റ്റാൾ ഉടമകൾ ലൈസൻസ് ഫീസ് അടക്കുന്നില്ലന്ന് ഉദ്യോഗസ്ഥരും കൺസിൽ യോഗത്തെ അറിയിച്ചു. റോഡുകളുടെ നിർമ്മാണത്തിന് കരാർ എടുത്ത കോൺട്രാക്ടർമാർ നിർമ്മാണ പ്രവർത്തനം ആരംഭിക്കാത്തതിനാൽ വിവിധ വാർഡുകളിലേക്ക് അനുവദിക്കപെട്ട ഫണ്ട് ലാപ്‌സ് ആയി പോകുന്നതായി അംഗങ്ങൾ ആക്ഷേപമുന്നയിച്ചു. ഭരണ പ്രതിപക്ഷ ഭേദമന്യേ മുഴുവൻ അംഗങ്ങളും ഈ ആക്ഷേപത്തെ പിൻന്തുണച്ചു ഇത്തരത്തിൽ കരാർ എടുത്തവരെ കൊണ്ട് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കാൻ കർശന നിർദ്ദേശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
വഴിവിളക്കുകളും ഹൈമാസ് ലൈറ്റുകളും തെളിക്കുന്ന കാര്യത്തിലും ഭരണ സമിതി പരാജയപ്പെട്ടെന്നും കരാർ നൽകിയതിന് ശേഷം ഈ ഭാഗത്തേക്ക് ഉത്തരവാദിത്വപെട്ടവർ തിരിഞ്ഞു നോക്കുന്നില്ലന്നും വിമർശനം ഉയർന്നു. ഭരണ പക്ഷത്തെ അംഗങ്ങളും വിമർശനത്തെ അനുകൂലിച്ചു. ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കാൻ പോസ്റ്റുകൾ സ്ഥാപിച്ചതല്ലതെ ലൈറ്റുകൾ തെളിയിക്കാൻ നാളിതുവരെ ഒന്നും ചെയ്തില്ലെന്നും ഇതുമൂലം നഗര പരിധിയിലെ ഹൈമാസ് ലൈറ്റുകൾ നോക്കുകുത്തിയായെന്നും അംഗങ്ങൾ ചൂണ്ടികാട്ടി. അഡ്വ. പി. എ നസീർ, ജി. സുരേഷ് കുമാർ, അഡ്വ. പി. എസ് മനോജ്, ജി. സുഗതൻ, അഡ്വ. ഇ. എ സജികുമാർ, കുഞ്ഞുമോൾ സാബു, ലതാ രാജേന്ദ്രപ്രസാദ്, സെബാസ്റ്റ്യൻ മാത്യു മണമേൽ, മാർട്ടിൻ സ്‌കറിയ, സിബി തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ചെയർമാൻ ലാലിച്ചൻ കുന്നിപറമ്പിൽ മറുപടി പറഞ്ഞു.