ചങ്ങനാശേരി: കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് നടപ്പാതയിൽ സംരക്ഷണവേദിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ അപകടഭീഷണി ഉയർത്തുന്നു. നിരവധി ആളുകൾ ദിനംപ്രതി കടന്നുപോകുന്ന റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിന് സംരക്ഷണവേലി നിർമ്മിക്കാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ട്രാൻസ്ഫോർമറിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ചെറിയ ബോർഡുകളാണ് ഏക മുന്നറിയിപ്പ്. പൊട്ടിത്തെറി പതിവായിട്ടും സംരക്ഷണവേലി നിർമ്മിക്കുന്നതിനോ മറ്റുനടപടികളോ അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ നടപ്പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ അപകട സാദ്ധ്യത ഉയർത്തുന്നുണ്ട്. റോഡരികിൽ സുരക്ഷാ വേലി കെട്ടാതെ ട്രാൻസ്ഫോർമർ സ്ഥാപിക്കരുതെന്ന് നിയമം നിലനിൽക്കേയാണ് വൈദ്യുതി ബോർഡ് ഇക്കാര്യത്തിൽ നിസംഗത പുലർത്തുന്നത്. മേഖലയിലെ മറ്റെല്ലാ ട്രാൻസ്‌ഫോമറുകൾക്കും ഇരുമ്പു സംരക്ഷണ വേലികൾ തീർത്തിട്ടും ഇവിടെ മാത്രം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. നിലത്തു നിന്നു രണ്ടരഅടി ഉയരത്തിലുള്ള കൽക്കെട്ടിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. കൽക്കെട്ടിന്റെ ഒരു ഭാഗത്ത് ബലക്ഷയമുണ്ട്. ഇത് കാടുകയറിയ നിലയിലാണ്. ഇടിയും മിന്നലും ഉണ്ടാകുമ്പോൾ ട്രാൻസ്ഫോർമറിൽ പൊട്ടിത്തെറിയും റോഡിലേക്ക് തീപ്പൊരി ചിതറുന്നതും പതിവാണ്. ഇത് യാത്രക്കാരെയും ബസ് കാത്തു നിൽക്കുന്നവരെയും ഭീതിയിലാഴ്ത്തുന്നുണ്ട്. മല്ലപ്പള്ളി ഭാഗത്തു നിന്നെത്തുന്ന ബസുകൾ നിർത്തുന്നത് ഇതിനോടു ചേർന്നാണ്. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. വൈദ്യുതിവയറുകൾ നിലത്തുമുട്ടിനിൽക്കുന്നത് വൈദ്യുതി പ്രവഹിക്കുന്നതിനിടയാക്കുന്നു. കുട്ടികൾ അടക്കം യാത്ര ചെയ്യുന്ന ഈ റോഡിൽ ചെറിയ അശ്രദ്ധപോലും അപകടകാരണമായേക്കാം. എത്രയും വേഗം ട്രാൻസ്‌ഫോമറിനു ചുറ്റും സംരക്ഷണവേലികൾ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.