വൈക്കം : നഗരഹൃദയത്തെ ദുർഗന്ധപൂരിതമാക്കി അന്ധകാരത്തോട് ചീഞ്ഞുനാറുമ്പോൾ ജനം മൂക്കത്ത് വിരൽവച്ച് ചോദിക്കുകയാണ് ഇതോ മാലിന്യമില്ലാത്ത ക്ഷേത്രനഗരി ? മാലിന്യമില്ലാത്ത ക്ഷേത്ര നഗരമായി വൈക്കം നഗരത്തെ കഴിഞ്ഞ ഫെബ്രുവരി 28 നാണ് മന്ത്രി എ.സി.മൊയ്തീൻ പ്രഖ്യാപിച്ചത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനായി നഗരസഭ വാങ്ങിയ സ്ഥലത്ത് പ്ലാസ്റ്റിക് ഷ്രെഡ്ഢിംഗ് യൂണിറ്റും, എം.ആർ.എഫ് യൂണിറ്റും തുമ്പൂർമൊഴി എയ്രോബിക് കമ്പോസ്റ്റ് യൂണിറ്റും സ്ഥാപിച്ചിരുന്നു. വീടുകളിൽ നിന്നു പൊതുസ്ഥലങ്ങളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനും അവ തരം തിരിക്കുന്നതിനും ഹരിതകർമ്മ സേനയടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രഖ്യാപനം നടന്നത്. നഗരത്തിന്റ വഴിയോരങ്ങളിൽ പതിവ് കാഴ്ചയായിരുന്ന മാലിന്യക്കൂമ്പാരങ്ങൾ ഇപ്പോൾ കാണാനില്ല. അവ നീക്കംചെയ്യുന്നതിന് നഗരസഭ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. കപ്പേളച്ചിറയിലെ സംസ്കരണ പ്ലാന്റിൽ മാലിന്യം തരംതിരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യ സ്ഥിരംസമിതി ചെയർമാന്റെ അവകാശവാദം. പക്ഷേ അന്ധകാരത്തോട്ടിലെ മാലിന്യം ആര് നീക്കം ചെയ്യുമെന്ന് ചോദിച്ചാൽ അധികൃതർ കൈമലർത്തുകയാണ്.