കോട്ടയം : രാവിലെ 10 മുതൽ നാഗമ്പടം മൈതാനത്ത് ഉത്സവത്തിനുള്ള ആളായിരുന്നു. എല്ലാവർക്കും ഒരേ ഒരു ലക്ഷ്യം. പാലം പൊളിക്കുന്നത് കാണണം. സംസ്ഥാനത്താദ്യമായി സ്ഫോടനത്തിലൂടെ പാലം പൊളിക്കുന്ന സുവർണ നിമിഷം പകർത്താൻ പ്രായഭേദമന്യേ പലരും മൊബൈൽ ഫോണുമായി കാത്തു നിന്നു. പത്തരയോടെ പാലത്തിന്റെ ഏഴയലത്ത് പോലും ആളെ നിറുത്തില്ലെന്ന് പൊലീസുകാർ കട്ടായം പിടിച്ചതോടെ ആളുകളെല്ലാം മൈതാനത്തിന്റെ ഇങ്ങേ അറ്റത്തേയ്ക്ക് മാറി. പാലംവഴിയുള്ള ഗതാഗതവും നിരോധിച്ചതോടെ ഇപ്പോൾ പൊട്ടിക്കുമെന്നായി. സമയം കടന്നു പോയത് മിച്ചം ഒന്നും സംഭവിച്ചില്ല. കനത്തചൂടിൽ എല്ലാവരും പൊള്ളി വിയർത്തു. കൗതുകക്കാഴ്ച വിട്ട് പോകാൻ ആർക്കും മനസ് വന്നില്ല. 12.19 ഓടെ പാലത്തിന്റെ വലത്തേ ഭാഗത്ത് നിന്ന് ഉഗ്രശബ്ദം മുഴങ്ങി. മൊബൈൽ ഫോൺ ഓൺ ചെയ്ത് വീഡിയോ മോഡിലിട്ടു. ചിലർ ഫേയ്സ് ബുക്ക് ലൈവിലും. പാലം തകരുമ്പോൾ ഒരു നിമിഷം പോലും മിസ് ആവരുതെന്നാണ് ചിന്ത. പക്ഷേ, പാളി.

ആറര പതിറ്റാണ്ട് മുൻപ് പണിതതാണെങ്കിലും ഉറപ്പിന്റെ കാര്യത്തിൽ കോംപ്രമൈസില്ലായിരുന്നു. ഇതോടെ ഉച്ചയ്ക്ക് മൂന്നിന് പാലം തകർക്കുമെന്ന് അറിയിപ്പ് കിട്ടി. വെള്ളംകുടിക്കാനും ആഹാരം കഴിക്കാനും കൂട്ടത്തിൽ അൽപ്പം വിശ്രമിക്കാനും സമയം കിട്ടിയതിന്റെ ആശ്വാസത്തിലായി എല്ലാവരും. ഇതിനിടെ പാലത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും ഇടംപിടിച്ചു. ശ്രീലങ്കയിൽ ബോംബിട്ട ഐ.എസിന് കൊട്ടേഷൻ കൊടുത്താൽ പോരെയെന്ന് വരെയായി ചിലർ.

രണ്ടേമുക്കാലോടെ പിരിഞ്ഞു പോയ ജനക്കൂട്ടം വീണ്ടും കളംപിടിച്ചു. മൂന്നും നാലും കഴിഞ്ഞ് അഞ്ചായപ്പോൾ ആളുകളെ പാലത്തിന്റെ സമീപത്ത് നിന്ന് മാറ്റിത്തുടങ്ങി. പുതിയ പാലത്തിന് കേടുപാടുണ്ടാകാതിരിക്കാൻ ഗ്രൗണ്ടിന്റെ വശത്തിലാണ് സ്ഫോടന മരുന്ന് നിറച്ചതെന്നായി. ഇത് കേട്ടതോടെ ഡിവൈ.എസ്.പിക്ക് ഹാലിളകി. ഒരു ഉറുമ്പിനെപ്പോലും ആ വശത്ത് നിറുത്തരുതെന്ന് ഉത്തരവിട്ടതോടെ പാവം പൊലീസുകാർ വീണ്ടും ജനക്കൂട്ടത്തിന് പിന്നാലെയായി. 5.10 ഓടെ പാലത്തിന്റെ ഇടത് ഭാഗത്ത് ഉഗ്രശബ്ദവും പുകയും ഉയർന്നു. ഇപ്പോൾ പാലം തകരുമെന്ന് കരുതിയവർക്ക് വീണ്ടും തെറ്റി. അതേ, ട്രോളൻമാർ പറയും പോലെ ഡ‌ോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പവർ ഒഫ് നാഗമ്പടം പാലം!