hosptital

മരങ്ങാട്ടുപിള്ളി : സർക്കാർ മൃഗാശുപത്രി കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായിട്ട് നാളുകളേറെയായി. ഓടുകൾ ഇളകി മഴവെള്ളം ചുവരുകളിലേക്ക് ഇറങ്ങിയതിനെത്തുടർന്ന് കുറച്ചുനാളുകൾക്ക് മുമ്പ് ഓടുകൾ മാറ്റി റൂഫിംഗ് ഷീറ്റ് ഇട്ടിരുന്നെങ്കിലും ചുവരിന്റെ അവസ്ഥ തീർത്തും ശോചനീയാവസ്ഥയിലാണ്. തകർന്ന അവസ്ഥയിലുള്ള കെട്ടിടത്തിൽ മൃഗാശുപത്രി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ചുവരിൽ നിന്ന് കോൺഗ്രീറ്റ് അടർന്നു വീഴ്ന്നു തുടങ്ങിയിരുന്നു. ഇവയെല്ലാം സിമന്റ് ഉപയോഗിച്ച് അടച്ച സ്ഥിതിയിലുമാണ്. ഓടുകൾ തകർന്ന് മഴവെള്ളം ഒലിച്ചിറങ്ങിയതു കൊണ്ടും കാലപ്പഴക്കം മൂലവും കെട്ടിടത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്.

ഇതോടൊപ്പം പഴയമേൽക്കൂരയിൽ റൂഫിംഗ് ഷീറ്റുകൾ ഇടുന്നതിനായി മാറ്റിയ ഓടുകൾ മൃഗാശുപത്രിയുടെ പരിസരത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സ്ഥലപരിമിതിക്കും കാരണമാകുന്നുണ്ട്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മൂലം ആശുപത്രിയിലെ ഫയലുകളും മരുന്നുകളും കേടുകൂടാതെ എങ്ങനെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.

കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്കോ അല്ലെങ്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നിലവിലുള്ള കെട്ടിടം നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.