ഇനി കട്ടർ ഉപയോഗിച്ച് തകർക്കും
ട്രെയിൻ ഗതാഗതത്തിൽ ആശങ്ക
കോട്ടയം : നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടു തവണ സ്‌ഫോടനം നടത്തിയിട്ടും തകരാതെ വന്നതോടെ ഈ മാർഗത്തിലൂടെ പാലം തകർക്കാനുള്ള ശ്രമം അധികൃതർ ഉപേക്ഷിച്ചു. ഇനി കട്ടറും, ജെ.സി.ബിയും ഉപയോഗിച്ച് പാലം തകർക്കാനാണ് തീരുമാനം. എന്നാൽ, സ്‌ഫോടനങ്ങളിൽ പാലത്തിന് ബലക്ഷയം വന്നിട്ടുണ്ടെങ്കിൽ അടിയിലൂടെയുള്ള ട്രെയിൻ ഗതാഗതം സുരക്ഷിതമായിരിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ ഒൻപതോടെയാണ് മേൽപ്പാലം പൊളിക്കുന്ന ജോലികൾ ആരംഭിച്ചത്. റെയിൽവേ കരാർ നൽകിയ തമിഴ്‌നാട്ടിലെ കമ്പനിയായ ബിൽഡിംഗ് ഡീമോളിഷൻ ആണ് പാലം പൊളിക്കൽ ഏറ്റെടുത്തിരുന്നത്. രണ്ടു മാസം മുൻപ് ഇതിനുള്ള ജോലികൾ ആരംഭിച്ചിരുന്നു. പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴികളുണ്ടാക്കി വെടിമരുന്നും ഡിറ്റനേറ്ററും വയ്‌ക്കുകയാണ് ആദ്യം ചെയ്തത്. വെടിമരുന്നും, ഡിറ്റനേറ്ററും ഫ്യൂസ് ഉപയോഗിച്ച് ബന്ധിപ്പിച്ചാണ് സ്‌ഫോടനം നടത്തുന്നത്. ഇന്നലെ രാവിലെ 9.30 മുതൽ റെയിൽ, റോഡ് ഗതാഗതം നിയന്ത്രിച്ച ശേഷമാണ് അന്തിമ ജോലികൾ ആരംഭിച്ചത്. 12.15 ന് നടന്ന ആദ്യ ശ്രമം സാങ്കേതിക തകരാറിനെ തുടർന്ന് പരാജയപ്പെട്ടു. 3.30 ന് രണ്ടാംശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. കൂടുതൽ അളവിൽ സ്‌ഫോക വസ്‌തു നിറച്ചപ്പോഴേയ്‌ക്കും അഞ്ച് മണി കഴിഞ്ഞിരുന്നു. 5.10 ന് നടത്തിയ രണ്ടാംശ്രമവും പരാജയപ്പെട്ടു.
ആദ്യം പാലത്തിന്റെ കിഴക്കുവശത്തും, രണ്ടാമത്ത് പടിഞ്ഞാറു വശത്തുമാണ് സ്‌ഫോടനം നടത്തിയത്. സിമന്റ് പാളികൾ ഇളകിയതല്ലാതെ പാലം പൂർണമായും തകർന്നില്ല. ഫ്യൂസ് കൃത്യമായി പ്രവർത്തിക്കാത്തതിനാലാണ് സ്‌ഫോടനം ഏൽക്കാതെ പോയത്. വൈകിട്ട് ആറര വരെയാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പാലം പൊളിക്കും മുൻപ് റെയിൽവേയുടെ വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റി, പാളത്തിനു മുകളിൽ തടിയും സിമന്റ് ചാക്കും നിറച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതെല്ലാം നീക്കിയ ശേഷം ഏഴോടെ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കി.