കോട്ടയം : യുവതിയെയും മകനെയും തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. കാവാലം മറ്റക്കോണം വീട്ടിൽ എം.ആർ ജലറാണിയാണ് ഡി.ജി.പിക്കും , ജില്ലാ പൊലീസ് മേധാവിയ‌്‌ക്കും ഇതു സംബന്ധിച്ചു പരാതി നൽകിയത്. റിയൽ എസ്റ്റേറ്റ് ഇടപാടിലെ തർക്കത്തെച്ചൊല്ലിയാണ് ഗുണ്ടാസംഘം നാട്ടകം സിമന്റ് കവലയിൽ വച്ച് ജലറാണിയെയും മകനെയും ഡ്രൈവറെയും തട്ടിക്കൊണ്ടു പോയത്.

ഏപ്രിൽ 18 നാണ് കേസിനാസ്‌പദമായ സംഭവം. കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ചർച്ചകൾക്കായി പോയ ഇവരെ സംഘം സൗഹൃദം നടിച്ച് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ചങ്ങനാശേരിയിലെ ഗോഡൗണിൽ എത്തിച്ച് പത്തു ലക്ഷം രൂപ

ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എന്നാൽ, പ്രതികളെ കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും പൊലീസ് അറസ്റ്റ് ചെയ്‌തില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം വീടിനു സമീപം എത്തി സംഘം ഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു.