കോട്ടയം : ഒന്നല്ല പത്തെണ്ണം പൊട്ടിച്ചാലും തകരില്ല ഈ പാലം. അതാണ് കോട്ടയത്തിന്റെ കരുത്ത്. ഒറ്റസ്ഫോടനത്തിൽ എല്ലാം ശുഭമാകുമെന്നാണ് റെയിൽവേ കരുതിയത്. പക്ഷെ എവിടെ ഏശാൻ. രണ്ടാമതും പൊട്ടിച്ചു. അതും ചീറ്റി ! കുറച്ച് പുക വന്നത് മാത്രം മിച്ചം. ഒടുവിൽ പവനായി ശവമായി എന്ന് പറഞ്ഞ പോലെ റെയിൽവേ അധികൃതർ പെട്ടിയും മടക്കി പോകുമ്പോൾ തടിച്ചുകൂടിയ ജനം പറഞ്ഞു ' നാഗമ്പടം പാലം ഡാ". സോഷ്യൽമീഡിയയിലും ട്രോളുകൾ നിറഞ്ഞു. ഇത്രയും കരുത്തുണ്ടായിരുന്ന പാലമാണോ പൊളിക്കാൻ തീരുമാനിച്ചതെന്ന ചോദ്യവും ചില കോണുകളിൽ നിന്നു ഉയർന്നു. ആദ്യ സ്‌ഫോടനം ഏൽക്കാതെ വന്നത് പാലത്തിന്റെ കരുത്ത് കൊണ്ടാണെന്ന് കരാർ ഏറ്റെടുത്ത കമ്പനി അധികൃതരും പറഞ്ഞു. വൈകിട്ട് അളവ് വർദ്ധിപ്പിച്ച് സ്‌ഫോടനം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിലും കൂടിയ അളവിൽ സ്‌ഫോടനം നടത്തിയാൽ സമീപത്തെ കെട്ടിടങ്ങൾക്ക് അടക്കം കേടുപാട് ഉണ്ടാകുമെന്ന് കമ്പനി വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് സ്ഫോടനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ പാലം പൊളിക്കാനുള്ള തീയതി നിശ്ചയിക്കുമെന്ന് റെയിൽവേ ചീഫ് എൻജിനിയർ ഷാജി സ്‌കറിയ പറഞ്ഞു.