കറുകച്ചാൽ: ബൈക്കിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നെടുംകുന്നം മുളയംവേലി കല്ലൂപ്പറമ്പിൽ അഖിൽ ജോസഫ് (24), മാടപ്പള്ളി ആനാറ്റിൽ കെവിൻ അലക്‌സ് (23), നെടുങ്ങാടപ്പള്ളി കരിയനാട്ടുപറമ്പിൽ സജിൻ സാം (23) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. കൂത്രപ്പള്ളി കീഴുവാറ്റ് മതുമരത്തിൽ സുബിൻ ജോസഫി(19)നെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കൂത്രപ്പള്ളിയ്‌ക്ക് സമീപമായിരുന്നു സംഭവം. പ്രതികൾ മൂന്നു പേരും സഞ്ചരിച്ച ബൈക്കിനു മുന്നിൽ പോകുകയായിരുന്നു സുബിനും സുഹൃത്തും. ഇതിനിടെ പ്രതികൾ അപ്രതീക്ഷിതമായി ബൈക്ക് മുന്നിൽ നിർത്തിയ ശേഷം ഹെൽമറ്റ് ഉപയോഗിച്ച് സുബിനെ മർദ്ദിക്കുകയായിരുന്നു. പല തവണ ഹോൺ അടിച്ചിട്ടും സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തടയാൻ ശ്രമിച്ച സുഹൃത്തിനെയും മർദിച്ചു. ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടിയ ശേഷം കറുകച്ചാൽ പൊലീസിൽ വിവരം അറിയിച്ചു. സി.ഐ. സി.കെ.മനോജിന്റ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌തു. പ്രതികൾ മദ്യപിച്ചിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.